ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി
Saturday, November 16, 2019 9:30 PM IST
ബര്‍ലിന്‍: കാലാവസ്ഥാ സംരക്ഷണം ലക്ഷ്യമിട്ട് ജര്‍മന്‍ സര്‍ക്കാര്‍ തയാറാക്കിയ പാക്കേജ് പാര്‍ലമെന്‍റ് പാസാക്കി. വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുന്നതു മുതല്‍ കമ്യൂട്ടര്‍ അലവന്‍സ് വര്‍ധിപ്പിക്കുന്നതു വരെയുള്ള നിരവധി നിയമ നിര്‍മാണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ടു മാസം മുന്‍പ് ജര്‍മനിയുടെ ക്ലൈമറ്റ് കാബിനറ്റ് അന്തിമ രൂപം നല്‍കിയ നിയമങ്ങളാണ് ഇപ്പോള്‍ പാസായിരിക്കുന്നത്. നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടാത്ത ബില്ലുകളെല്ലാം അധോസഭ പാസാക്കിയാല്‍ മതിയാകും. നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നവ ഉപരിസഭ കൂടി പാസാക്കണം.

2030നുള്ളില്‍ കാലാവസ്ഥാ സംരക്ഷണ ലക്ഷ്യങ്ങള്‍ നേടുകയാണ് ജര്‍മനിയുടെ ലക്ഷ്യം. എന്നാല്‍, ഈ ലക്ഷ്യം നേടാന്‍ പാക്കേജില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയമങ്ങള്‍ പോരാതെ വരുമെന്നാണ് കാലാവസ്ഥാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിമാന യാത്ര നിരുത്സാഹപ്പെടുത്താനാണ് സര്‍ചാര്‍ജ് ചുമത്തി ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. പെട്രോളിയം, പ്രകൃതി വാതകം, കല്‍ക്കരി എന്നിവയ്ക്കും ചെലവ് വര്‍ധിപ്പിച്ച് ഉപയോഗം കുറയ്ക്കാനാണ് ശ്രമം.

കെട്ടിടങ്ങളുടെ ഭിത്തികളും മേല്‍ക്കൂരയും മറ്റും നവീകരിച്ച് ഇന്ധനചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 20 ശതമാനം വരെ നികുതിയിളവ് നല്‍കാനും വ്യവസ്ഥ ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ