യുക്മ - മാഗ്നാവിഷൻ ടിവി സ്റ്റാർ സിംഗർ സീസൺ 4; ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ഓഡിഷനു അപേക്ഷ ക്ഷണിച്ചു
Thursday, November 28, 2019 4:42 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ - മാഗ്നവിഷൻ ടിവി സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോയുടെ ഓഡിഷനു അപേക്ഷ ക്ഷണിച്ചു. നവംബർ 2 ന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേള വേദിയിൽ യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്കുമാർ പിള്ള ലോഗോ പ്രകാശനം ചെയ്ത് തുടക്കം കുറിച്ച സ്റ്റാർ സിംഗർ സീസൺ 4 ൽ 8 മുതൽ 16 വയസുവരെ പ്രായമുള്ള കുട്ടി പാട്ടുകാർക്കാണ് പങ്കെടുക്കുവാൻ അവസരം. വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ച സ്റ്റാർ സിംഗറിന്‍റെ ആദ്യ മൂന്നു സീസണുകളിൽ നിന്നും വ്യത്യസ്ഥമായി യുകെ യിലെ മലയാളി യുവഗായിക പ്രതിഭകളെ കണ്ടെത്താനുള്ള മത്സരമാണ് സ്റ്റാർ സിംഗർ സീസൺ 4ൽ എന്നതാണ് പ്രധാന സവിശേഷത.

മത്സരാർഥികൾ ഡിസംബർ 15 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 8 മുതൽ 16 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 31/12/2019 ആയിരിക്കും പ്രായം കണക്കാക്കാനുള്ള അടിസ്ഥാന തീയതി. പൂരിപ്പിച്ച അപേക്ഷകൾ https://magnavision.tv/?page_id=2668 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.


മത്സരാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ ഡിസംബർ 15 നും 2020 ജനുവരി 3 നും ഇടയ്ക്ക് നടത്തുന്നതാണ്. ഓഡിഷൻ നടത്തുന്ന തീയതിയും സ്ഥലവും മത്സരാർഥികളെ അറിയിക്കും. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി മധ്യവാരത്തോടെയും തുടർന്നുവരുന്ന മത്സര റൗണ്ടുകൾ 2020 ഫെബ്രുവരി മാർച്ച് മാസങ്ങളിലും ഗ്രാന്‍റ് ഫിനാലേ ജൂൺ അവസാനത്തോടെയും നടത്താനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

യുക്മ സാംസ്കാരിക വേദി കലാവിഭാഗം കൺവീനർ സെബാസ്റ്റ്യൻ മുതുപാറക്കുന്നേലിന്‍റെ നേതൃത്വത്തിൽ മാഗ്നാവിഷൻ മാനേജിംഗ് ഡയറക്ടർ ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ , ഹരീഷ് പാല, സാൻ ജോർജ് തോമസ് എന്നിവരടങ്ങുന്ന ടീം മത്സരത്തിന്‍റെ തയാറെടുപ്പുകൾ നടത്തിവരുന്നു.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ മുതുപാറക്കുന്നേൽ- 07828739276

റിപ്പോർട്ട്: സജീഷ് ടോം