ജർമനിയിൽ പുകയില ഉത്പന്നങ്ങളുടെ പരസ്യം പൂര്‍ണമായി നിരോധിക്കാന്‍ ജര്‍മന്‍ ഭരണ മുന്നണി
Friday, December 13, 2019 10:59 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം പൂര്‍ണമായി നിരോധിക്കുന്ന കാര്യത്തില്‍ കൂട്ടികക്ഷി മന്ത്രിസഭയിലെ സി ഡി യുവും സി എസ് യുവും ധാരണയിലായി. ഭരണ മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ എസ് പി ഡി നേരത്തെ തന്നെ നിരോധനം ആവശ്യപ്പെട്ടിരുന്നതാണ്.

പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനമില്ലാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ജര്‍മനി ഇപ്പോള്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ച ടുബാക്കോ ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷനിലും പരസ്യങ്ങള്‍ നിരോധിക്കുന്നത് ശിപാര്‍ശ ചെയ്തിരുന്നതാണ്.

പരമ്പരാഗത പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിന് 2022 ജനുവരി ഒന്നു മുതല്‍ നിരോധനം നടപ്പാക്കാനാണ് ധാരണ. 2023 മുതല്‍ ടുബാക്കോ കുക്കേഴ്സിന്‍റേയും 2024 മുതല്‍ ഇ സിഗരറ്റുകളുടെയും പരസ്യം നിരോധിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ