ഏറ്റവും മികച്ച ക്രിസ്മസ് ഗാനം "പൊന്നുപിറന്നാള്‍' സ്നേഹോപഹാരമായി സംഗീത ഹൃദയങ്ങളിലേയ്ക്ക്
Saturday, December 14, 2019 9:27 PM IST
ലണ്ടന്‍: തിരുപ്പിറവിയുടെ ആത്മീയാനുഭൂതി ഒപ്പിയെടുത്ത കാവ്യശകലങ്ങള്‍ക്ക് സംഗീത സാന്ദ്രത പകര്‍ന്ന ക്രിസ്മസ് സ്നേഹോപഹാരം "പൊന്നുപിറന്നാള്‍' എന്നു തുടങ്ങുന്ന ക്രിസ്മസ് മെലഡി റിലീസ് ചെയ്ത ആദ്യദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആസ്വാദകര്‍ നെഞ്ചിലേറ്റി.

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സംഗീതത്തിലൂടെ ആത്മീയ നിറവേകാന്‍ കുമ്പിള്‍ ക്രിയേഷന്‍സ് ഒരുക്കിയ സ്നേഹ സമ്മാനമാണ് "പൊന്നു പിറന്നാള്‍, ഉണ്ണിയേശുവിന്‍ ..' എന്ന ഗാനം ഡിസംബര്‍ ഒന്നിന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. എബ്രഹാം ഇരുമ്പിനിക്കല്‍ (സിബു അച്ചന്‍) ആണ് യുട്യൂബ് ചാനലിലൂടെ ലോഞ്ച് ചെയ്തത്.
യുട്യൂബ് ലിങ്ക് https://www.youtube.com/watch?v=2o8xmymLifU&feature=youtu.be

ലോകരക്ഷകന്‍റെ തിരുപ്പിറവിയുടെ ആഗമനം വിളിച്ചോതുന്ന ആഹ്ളാദ തിരതല്ലലില്‍ ചാലിച്ചെടുത്ത സ്വര്‍ഗീയ കരോള്‍ ഗാനവിരുന്നിലേക്ക് പുതുപുത്തന്‍ ഈണവുമായി തിരുപ്പിറവി എന്ന ഗാനം ഒരുക്കാന്‍ ജോസ് കുമ്പിളുവേലിയും, ഷാന്‍റി ആന്‍റണി അങ്കമാലിയും ശ്രേയ ജയദീപും കൈകോര്‍ത്തപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി മാറി.

രക്ഷയുടെ ദൂതുമായി മണ്ണില്‍ പിറന്ന വിണ്ണിന്‍ താരകത്തിന്‍റെ വരവിനെ ആശ്ളേഷിക്കുവാന്‍ പ്രകൃതി ഒരുങ്ങവെ മനസിന്‍റെ അകത്തളത്തില്‍ അനുഭൂതി വിടര്‍ത്തുന്ന സംഗീതവും ലളിതമായ വശ്യമനോഹരമായ ഹൃദയഹാരിയാവുന്ന വരികളും ആത്മാവിനെ തൊട്ടുതലോടുന്ന മധുരം കിനിയുന്ന സ്വരതാളവും അതില്‍ ഇഴുകിയലിയുന്ന ആലാപനവും കൂടിചേരുമ്പോള്‍ ഇന്നിന്‍റെ ഏറ്റവും ആകര്‍ഷകമായ ക്രിസ്മസ് ഗാനമായി സഹൃദയര്‍ "പൊന്നു പിറന്നാളിനെ' ഏറ്റെടുത്തുകഴിഞ്ഞു.കേള്‍ക്കും തോറും ആവര്‍ത്തിച്ച് ശ്രവിക്കുവാന്‍ പ്രേരകമാവുന്ന ദിവ്യത തുളുമ്പുന്ന ഗാനം ഏറെ ആകര്‍ഷണം തോന്നുന്ന തിരുപ്പിറവി സമ്മാനമായി മാറിക്കഴിഞ്ഞു.

ലോഞ്ച് ചെയ്ത 12 മണിക്കൂറിനുള്ളില്‍ ഫേസ് ബുക്കിലൂടെ ഈ ഗാനം രണ്ടുലക്ഷത്തിനുമേല്‍ റീച്ചായി. അതുതന്നെയുമല്ല കഴിഞ്ഞ 14 ദിവസം കൊണ്ട് യൂട്യൂബിലൂടെ അന്‍പതിനായിരം പേര്‍ ഈ ഗാനം ആസ്വദിച്ച് ഗാനത്തിന്‍റെ ഗ്രാഫ് അതിഗംഭീരമായി മുന്നേറുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും സുന്ദരവും മനോഹരവുമായ ക്രിസ്മസ് മെലഡിയാവുമെന്ന് ഒരിക്കല്‍ ശ്രവിച്ച ഏവരും ഈ ഗാനത്തെ അംഗീകരിക്കും.

തിരുപ്പിറവിയില്‍ മാലാഖ വൃന്ദം രക്ഷകന്‍റെ വരവോതി ആലപിച്ച കാഹള ധ്വനികള്‍ കാലഘട്ടത്തിന്‍റെ അനിവാര്യമായ പശ്ചാത്തലത്തില്‍ ആല്മീയ ശോഭ തെല്ലും കുറയാതെ സഹൃദയ മനസ്സുകളില്‍ തളം കെട്ടി നില്‍ക്കുന്ന പുത്തന്‍ ഗാനാമൃതം എന്ന് തീര്‍ത്തും പറയാവുന്ന പുണ്യപിറവിയുടെ അന്തസത്ത നിറഞ്ഞ ഈ ഗാനം സഹൃദയ ലോകം നെഞ്ചിലേറ്റിയത് അതിന്റെ എല്ലാ ഭാവത്തിലുമുള്ള ലാളിത്യംകൊണ്ടാണ്. മലയാള മനസുകളില്‍ ചേക്കേറിയ ശബ്ദശുദ്ധിയുടെയും ഓമനത്തം തുളുമ്പുന്ന നീര്‍ച്ചാലുകളിലൂടെ ഇമ്പമായി ഹൃദയ ധമനികളില്‍ ആഴ്ന്നിറങ്ങുന്ന ശ്രേയ ജയാദീപ് (ശ്രേയക്കുട്ടി)എന്ന കൊച്ചു ഇഷ്ടഗായികയുടെ സ്വതസിദ്ധമായ ആലാപന സൗന്ദര്യത്താല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനം പലവട്ടം കേള്‍ക്കുവാന്‍ ആഗ്രഹിക്കപ്പെടുക സ്വാഭാവികമാണ്.

തിരുപ്പിറവിയുടെ വിശുദ്ധിയും ലാളിത്യവും പ്രതീക്ഷയും എന്നാല്‍ രാജകീയവും പ്രതീക്ഷാനിര്‍ഭരവുമായ അര്‍ത്ഥവ്യാപ്തി ധ്വനിപ്പിക്കുന്ന ഈ ഗാനത്തിലെ വരികള്‍ എഴുതിയത് നരവധി ഗാനങ്ങളുടെ ഗാനരചയിതാവും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനുമായ ജോസ് കുമ്പിളുവേലിയാണ്.

തിരുപ്പിറവിയുടെ സ്വര്‍ഗ്ഗീയാനുഭവം സ്വരരാഗ താളലയങ്ങളില്‍ സമന്വയിപ്പിച്ച് മലയാളക്കരയുടെ തിരുപ്പിറവി ആഘോഷത്തെ വര്‍ണ്ണാഭമാക്കുവാന്‍ ഈ സ്നേഹോപഹാരത്തിനാവും എന്നു തീര്‍ച്ച.

സംഗീത ചക്രവാളത്തിലേക്ക് കുതിച്ചുയരുന്ന ഷാന്റി ആന്റണി അങ്കമാലി തന്റെ ക്രിസ്തീയ ഭക്തിഗാനശാഖകളില്‍ കോര്‍ത്തിണക്കുന്ന സംഗീത വിസ്മയത്തിലേക്കു ഒരേടുകൂടി എഴുതിച്ചേര്‍ത്തുവെന്നു നിസംശയം പറയാം. തിരുപ്പിറവിയുടെ അനുഭൂതി പകരുന്ന സംഗീതത്തേരില്‍ ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നതില്‍ ഷാന്റിയുടെ പങ്കു അതുല്യമാണ്. ഓരോ വരികളും തിരുപ്പിറവിയുടെ ആഗമനോത്സവത്തിലൂടെ സംഗീത പൂമഴയായി പെയ്യുന്ന അനുഭൂതികള്‍ പകരുന്നവയാണ്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ സംഗീതജ്ഞന്‍ പ്രദീപ് ടോം ആണ് പക്വതയാര്‍ന്ന പശ്ചാത്തലസംഗീതം പകര്‍ന്നത്.സിഎസ് ഡിജിറ്റല്‍ സ്ററുഡിയോ തൃക്കാക്കര, മെട്രോ സ്ററുഡിയോ കൊച്ചി എന്നിവിടങ്ങളിലാണ് റിക്കോഡിംഗ് നടത്തിയത്. മിക്സിംഗ് ആന്റ് മാസ്റററിംഗ് ഷിയാസ് ഷിജുവും ക്യാമറ, ഡിഒപി, എഡിറ്റിംഗ് എന്നിവ വിജിത്ത് പുല്ലുക്കരയും നിര്‍വഹിച്ചു.

മാലഖാ വൃന്ദത്തിന്റെ കാഹള സന്ദേശം ക്രിസ്മസിന്റെ സംഗീതതാള ലയത്തില്‍ പൊന്നുപിറന്നാളിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ കുമ്പിള്‍ ക്രിയേഷന്‍സിന് അഭിമാനിക്കാം. കുമ്പിള്‍ ക്രിയേഷന്‍സിനുവേണ്ടി ഷീന, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് ഇതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഈ ക്രിസ്മസ് വേളയില്‍ പൊന്നുപിറന്നാള്‍ ഗാനം ആസ്വാദക മനസ്സില്‍ തേനും വയമ്പുമായി ഇടംപിടിക്കുമെന്നു മാത്രമല്ല എക്കാലത്തേയും മധുരം കിനിയുന്ന നിത്യഹരിത ക്രിസ്മസ് സംഗീത ഹിറ്റ് പട്ടികയില്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടും.