"പ്രണയമധുരം' റൊമാന്‍റിക് മ്യൂസിക് ആൽബം റിലീസ് ചെയ്തു
Wednesday, January 15, 2020 7:55 PM IST
ഡബ്ലിൻ : ഡാഫോഡിൽസ് ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി നിർമിച്ചു വിനോദ് കുമാർ സംവിധാനം ചെയ്ത "പ്രണയമധുരം' മ്യുസിക് ആൽബം യുട്യൂബിൽ റിലീസ് ചെയ്തു. സംഗീതാസ്വാദകർക്ക് പ്രണയത്തിന്‍റെ മാധുര്യം ആവോളം വിതറിക്കൊണ്ട് അയർലൻഡിന്‍റെ വശ്യമനോഹര ഭംഗി ആകർഷകമായി ഒപ്പിയെടുത്ത് ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ ഗാനം രചിച്ചത് പ്രശസ്ത ഗാനരചയിതാവും ബെൻ മ്യുസിക്‌സ് ചാനലിലൂടെ ശ്രദ്ധേയനുമായ ബെന്നി ചെമ്മനവും സംഗീതം നൽകിയത് ഡ്രം സ്പെഷലിസ്റ്റും സംഗീതജ്ഞനുമായ ഗണേഷ് കുമ്പളയുമാണ്.

പ്രണയമധുരമായ ഈ ഹൃദ്യ ഗാനം ആസ്വാദ്യമായി ആലപിച്ചത് പ്രമുഖ ഗായകൻ സാബു ജോസഫ്. ആൽബത്തിന്‍റെ കാമറ സംവിധായകൻ കൂടിയായ വിനോദ് കുമാറും എഡിറ്റിംഗ് നിഖിലും അർജുൻ വിനോദുമാണ് നിർവഹിച്ചിരിക്കുന്നത്.

പ്രണയമധുരം സംഗീത ആൽബത്തിൽ അഭിനയിച്ചത് "അയാളും ഞാനും' എന്ന ലാൽ ജോസ് ചിത്രത്തിൽ പൃഥിരാജിനോടൊപ്പം അഭിനയിച്ചിട്ടുള്ള നാടക നടൻ കൂടിയായ ഗോപകിഷോർ കൊച്ചാറ്റിലും ശ്രീദേവി രംഗനാഥുമാണ്.

അയർലൻഡിലെ നാടക മേഖലയിലെ അഭിനയപ്രതിഭകൂടിയായ വിനോദ് കുമാർ "മാടപ്രാവ് ' എന്ന വീഡിയോ ഗാനത്തിനുശേഷം സംവിധാനം ചെയ്യുന്ന ആൽബമാണ് പ്രണയമധുരം. ഡബ്ലിനിലെ ഇന്ത്യൻ ഫാമിലി ക്ലബിലെയും ഡാഫോഡിൽസ് കൾച്ചറൽ കമ്യൂണിറ്റിയിലെയും അംഗവും ഡബ്ലിൻ ബസിൽ ജോലി ചെയ്യുന്നതുമായ വിനോദ് കുമാർ കണ്ണൂർ സ്വദേശിയാണ്.

ഡബ്ലിനിൽ സംഘടിപ്പിച്ച പ്രണയമധുരം വീഡിയോ റിലീസ് ചടങ്ങിൽ സംബന്ധിച്ച കലാസാംസ്കാരിക പ്രവർത്തകരായ സലിൻ ശ്രീനിവാസ്, ബിനു ആന്‍റണി, തോമസ് ആന്‍റണി, രാജേഷ് ഉണ്ണിത്താൻ , പ്രമോദ് തങ്കപ്പൻ , ഷൈൻ പ്രഭാകരൻ , ലേഖ രുകേഷ് എന്നിവർ ഈ ആൽബത്തിന്‍റെ നിർമാണത്തിൽ പങ്കാളികളായ എല്ലാവർക്കും ആശംസകൾ അറിയിച്ചു.

പ്രണയമധുരം ഇതിനോടകം യൂട്യൂബിൽ വളരെ ആസ്വാദക ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ