ജർമനിയിൽ യുവാവ് മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പേരെ വെടിവച്ചു കൊന്നു
Saturday, January 25, 2020 9:34 PM IST
ബെര്‍ലിന്‍: തെക്കു പടിഞ്ഞാറന്‍ ജര്‍മനിയില്‍ ഇരുപത്താറുകാരന്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേരെ വെടിവച്ചു കൊന്നു. വെടിയേറ്റ മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്.

അക്രമി തന്നെയാണ് വിവരം പോലീസില്‍ ഫോണ്‍ ചെയ്ത് അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൈസര്‍ എന്ന റസ്റ്ററന്‍റിലാണ് സംഭവം. കുടുംബകലഹമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. റസ്റ്ററന്‍റ് അക്രമിയുടെ പിതാവിന്‍റേതാണ്.

ഫോണ്‍ വിളിച്ച് പോലീസ് സ്ഥലത്തെത്തും വരെ അക്രമി ടെലിഫോണ്‍ ലൈനില്‍ തന്നെ തുടരുകയായിരുന്നു. കെട്ടിടത്തിന് അകത്തും പുറത്തുമായി ആറു പേരുടെ മൃതദേഹവും കണ്ടെത്തി.

പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. 12, 14 വയസുള്ള കുട്ടികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെ അക്രമി ഭയപ്പെടുത്തിയെങ്കിലും പരിക്കൊന്നുമില്ല.

പോലീസ് അന്വേഷണത്തില്‍ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സുണ്ട്.
വെടിവയ്പ് പരിശീലനം നല്‍കുന്ന ഒരു സ്പോര്‍ട്സ് ക്ലബിലെ അംഗം കൂടിയാണ് അക്രമി.അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ