കൊറോണ വൈറസ് ഫ്രാന്‍സിലെത്തി ; യൂറോപ്പും ആശങ്കയില്‍
Saturday, January 25, 2020 9:38 PM IST
ബര്‍ലിന്‍: ലോകത്തെ മുള്‍മുനയിലാക്കി മനുഷ്യജീവനു അതീവ ഭീഷണിയായ കൊറോണ വൈറസ് യൂറോപ്പിലും എത്തിയെന്നു സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ വൈറസിനെ തടുക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. വൈറസ് ബാധ യൂറോപ്പില്‍ ആദ്യമായി ഉണ്ടായത് ഫ്രാന്‍സിലാണന്ന് ഫ്രഞ്ച് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ മൂന്ന് കൊറോണ വൈറസ് കേസുകളാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.ആദ്യ കേസില്‍ തെക്കുപടിഞ്ഞാറന്‍ നഗരമായ ബോര്‍ഡോയിലെ ആശുപത്രിയില്‍ നാല്‍പ്പത്തിയെട്ടുകാരനായ ഒരു പുരുഷനും മറ്റൊന്ന് പാരീസിലുമാണന്ന് ആരോഗ്യമന്ത്രി ബുസീന്‍ മാധ്യമങ്ങളെ അറിയിച്ചു. മൂന്നാമത്തെ വ്യക്തിക്ക് പാരീസിലും മറ്റ് രണ്ടു പേരില്‍ ഒരാളുടെ അടുത്ത ബന്ധുവും ഇയാള്‍ക്ക് വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പിന്നീട് അറിയിച്ചു.മൂന്നുപേരും അടുത്തിടെ ചൈനയിലേക്ക് പോയിരുന്നതിനാല്‍ ഇപ്പോള്‍ ഒറ്റപ്പെടലിലാണ്.രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണന്നു മന്ത്രാലയം അറിയിച്ചു.

ഫ്രാന്‍സില്‍ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ രോഗത്തെ നേരിടാന്‍ തീവ്രമായ നടപടികളുമായി നീങ്ങുകയാണ്.ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണവൈറസിനെ നേരിടാന്‍ സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും തയാറെടുപ്പ് തുടങ്ങി. രാജ്യത്തേക്ക് ഈ വൈറസ് പടരാന്‍ സാധ്യത കുറവാണെങ്കിലും തള്ളിക്കളയാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് ഈ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍. ജര്‍മനിയാണങ്കില്‍ ചൈനയുമായുള്ള വ്യാപാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുകൊണ്ട് ഒട്ടനവധി ചൈനക്കാര്‍ ഇവിടെ വന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗം ഇവിടെയെത്താന്‍ മതിയായ കാരണങ്ങളുമുണ്ട്.

ജര്‍മനിയിലും കൊറോണ വൈറസ് ആണെന്ന് സംശയത്തിന്‍റെ പേരില്‍ മൂന്ന് പേര്‍ ഇതിനകം ഡ്യൂസല്‍ഡോര്‍ഫ്, ബര്‍ലിന്‍, ബാഡന്‍വുര്‍ട്ടെംബര്‍ഗ് എന്നിവിടങ്ങളിലെ ക്ളിനിക്കുകള്‍ സന്ദര്‍ശിച്ചതായി ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, ഇതുവരെയുള്ള പരിശോധനകള്‍ നെഗറ്റീവ് ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ചൈനയില്‍ നിന്നും ബ്രിട്ടനിലെത്തിയ പതിനാലോളം പേരെ നീരീക്ഷണവിധേയമാക്കിയിരിയ്ക്കയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ന്യൂകാസിലിലെ റോയല്‍ ഇന്‍ഫര്‍മേറി ആശുപത്രിയില്‍ 45കാരനായ ഒരാള്‍ ചികില്‍സയിലാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി യോഗം വിളിച്ചുകൂട്ടി ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം 750 പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവരില്‍ മുപ്പതോളം പേര്‍ മരിച്ചെന്നാണ് ചൈന ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ചൈനയിലെ വുഹാനിലാണ് ആദ്യം വൈറസ് ബാധ കണ്ടത്. ഇപ്പോള്‍ ഏറ്റവുമധികം പേരെ ബാധിച്ചിരിക്കുന്നതും അവിടെ തന്നെ. ഇതി കൂടാതെ ഏഷ്യയ്ക്കു പുറത്തേക്ക് കാര്യമായി വ്യാപിച്ചിട്ടില്ല. എന്നാല്‍, യുഎസില്‍ രണ്ടു പേര്‍ക്കും സൗദി അറേബ്യയില്‍ ചില മലയാളി നഴ്സുമാര്‍ക്കും ഈ വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്നു.
ചൈനീസ് സര്‍ക്കാര്‍ ഈ രോഗം ബാധിച്ചവര്‍ക്കായി ആയിരം പേരെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള താത്കാലിക ആശുപത്രി പത്തു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. രോഗഭീതി ഒഴിവായ ശേഷം ഈ കെട്ടിടം പൂര്‍ണമായി തകര്‍ത്തു കളയാനാണ് ഉദ്ദേശിക്കുന്നത്.

മുമ്പ് അറിയപ്പെടാത്ത വൈറസ് അലാറത്തിന് കാരണമായത് 2002/03 കാലഘട്ടത്തില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി നൂറുകണക്കിന് ആളുകളെ കൊന്ന അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം ആയി സാമ്യമുള്ളതാണ്. ചൈനയുടെ കേന്ദ്രത്തില്‍ 11 ദശലക്ഷം ആളുകളുടെ വ്യാവസായിക, ഗതാഗത കേന്ദ്രമായ വുഹാനില്‍ ഡിസംബര്‍ അവസാനത്തോടെയാണ് രോഗം ഉണ്ടായത്. ഇത് ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്.

വുഹാനും ചുറ്റുമുള്ള 12 പ്രവിശ്യകളിലും ചൈന യാത്രാ നിരോധനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ചൈനയ്ക്കു പുറമെ യുഎസ്, ജപ്പാന്‍, സൗത്ത്കൊറിയ, മക്കാവു, നേപ്പാള്‍, തായ്വാന്‍, വിയറ്റ്നാം, സിംഗപ്പൂര്‍, ഹോംങ്കോംഗ് തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ വൈറവ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍