നരേന്ദ്ര മോദിക്ക് ദാവോസില്‍ വിമര്‍ശനം
Saturday, January 25, 2020 9:49 PM IST
ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണെന്ന് ശതകോടീശ്വര വ്യവസായി ജോര്‍ജ് സോറോസ്. പൗരത്വ ഭേദഗതി നിയമവും ജമ്മു കാഷ്മീരിലെ അടിച്ചമര്‍ത്തലും ചൂണ്ടിക്കാട്ടിയാണ്, സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ജോര്‍ജ് സോറോസ് മോദി സര്‍ക്കാറിനെ വിമര്‍ശിച്ചത്.

നിക്ഷേപകനും ആഗോള വിഷയങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയുള്ള നിലപാട് സ്വീകരിക്കുന്ന വ്യവസായിയുമായ സോറോസ്, ലോകമെങ്ങും വര്‍ധിക്കുന്ന തീവ്ര ദേശീയതയും യുദ്ധോത്സുകതയും തുറന്ന സമൂഹമെന്ന സങ്കല്‍പത്തിന് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

""തുറന്ന സമൂഹ സങ്കല്‍പത്തിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി നേരിട്ടിക്കുന്നു. ജനാധിപത്യത്തിലൂടെ അധികാരമേറ്റ നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദു രാജ്യമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത് അര്‍ധ സ്വയംഭരണാധികാരമുണ്ടായിരുന്ന കാഷ്മീരില്‍ അടിച്ചമര്‍ത്തല്‍ നയം നടപ്പാക്കുന്നു. പൗരത്വ നിയമത്തിന്‍റെ പേരുപറഞ്ഞ് ലക്ഷക്കണക്കിന് മുസ് ലിംകളുടെ പൗരത്വം ചോദ്യം ചെയ്യുന്നു - സോറോസ് പറഞ്ഞു.

പൂര്‍ണമായി ഏകാധിപതികളായി മാറിയവരും പതിയെ മാറിക്കൊണ്ടിരിക്കുന്നവരുമാണെന്ന്, അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനെയും മോദിയെയും പരാമര്‍ശിച്ച് സോറോസ് വിശദീകരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ