ഗവേഷകര്‍ക്കുള്ള ബ്രിട്ടീഷ് വീസ ഫെബ്രുവരി 20 മുതല്‍
Tuesday, January 28, 2020 10:01 PM IST
ലണ്ടന്‍: പ്രധാനമായും ഗവേഷകരെ ലക്ഷ്യമിടുന്ന ഗ്ളോബല്‍ ടാലന്‍റ് വീസ കാറ്റഗറി ബ്രിട്ടനില്‍ ഫെബ്രുവരി ഇരുപതിനു നിലവില്‍ വരും. എത്ര പേര്‍ക്ക് ഇതു നല്‍കാം എന്നതിനു പരിധി വച്ചിട്ടില്ല. രാജ്യത്തെത്തും മുന്‍പ് ജോബ് ഓഫര്‍ വേണമെന്ന നിബന്ധനയും ഈ കാറ്റഗറിയില്‍ ഇല്ല.

പ്രഗല്‍ഭരായ ശാസ്ത്രജ്ഞരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതി വിദഗ്ധ വിഭാഗത്തിനു നിലവിലുള്ള ടയര്‍ വണ്‍ വീസ കാറ്റഗറിക്കു പകരമാണ് ഗ്ളോബല്‍ ടാലന്റ് വിസ കാറ്റഗറി നിലവില്‍ വരുന്നത്. ടയര്‍ വണ്‍ വിഭാഗത്തില്‍ പ്രതിവര്‍ഷം പരമാവധി 2000 പേര്‍ക്ക് വീസ നല്‍കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരിക്കല്‍പ്പോലും ആ പരിധി എത്തിയിരുന്നില്ല.

ഏതെങ്കിലും ക്വാളിഫൈയിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരോ, റോയല്‍ സൊസൈറ്റിയും റോയല്‍ അക്കാഡമി ഓഫ് എന്‍ജിനീയറിങ്ങും പോലും ഏതെങ്കിലും അംഗീകൃത യുകെ സ്ഥാപനം ശുപാര്‍ശ ചെയ്യുന്നവരോ ആയ ആര്‍ക്കും ഇതിന് അപേക്ഷിക്കാം. ശാസ്ത്ര രംഗത്തെ കഴിവുകള്‍ വിലയിരുത്തിയാണ് അപേക്ഷകളില്‍ തീരുമാനമെടുക്കുക. യുകെ റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷനാണ് ഇതിന്‍റെ ചുമതല.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ