ജര്‍മനിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു
Tuesday, January 28, 2020 10:07 PM IST
ബര്‍ലിന്‍: ചൈനയിലെ ബുഹാനില്‍ പൊട്ടിപ്പുറപ്പെട്ടു ലോകത്തെ ഭീതിയിലാക്കിയ കൊറോണ വൈറസ് ജര്‍മനിയില്‍ എത്തിയതായി ജര്‍മന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

യൂറോപ്പില്‍ ആദ്യമായി മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നതായിട്ടാണ് സ്ഥിരീകരണം. തെക്കന്‍ സംസ്ഥാനമായ ബയേണിലെ സ്ററാണ്‍ബര്‍ഗില്‍ നിന്നുള്ള മുപ്പത്തി മൂന്നുകാരനിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇയാളെ മ്യൂണിക്കിലെ പ്രത്യേക ക്ളിനിക്കില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കുകയാണ്.

ചൈനയില്‍ നിന്നുള്ള ഒരു സഹപ്രവര്‍ത്തകയില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് അധികൃതര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ യൂറോപ്പില്‍ ആദ്യമായി മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി സ്ഥിരീകരിച്ചു.

സ്ററാണ്‍ബര്‍ഗിലെ കാര്‍ പാര്‍ട്സ് വിതരണക്കാരായ വെബ്സ്റേറായുടെ ഓഫീസില്‍ ഇയാള്‍ ഇന്നലെ ജോലിയ്ക്കെത്തിയിരുന്നതായും ജര്‍മന്‍ ആരോഗ്യവകുപ്പ് പറഞ്ഞു.

വൈറസിനെ നേരിടാന്‍ വേണ്ട എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചതായി ജര്‍മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ വ്യക്തമാക്കി.

ജര്‍മന്‍ വിമാനത്താവളങ്ങളില്‍ ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ചൈനയിലെ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ജര്‍മനിക്ക് കൊറോണവൈറസ് ഭീഷണി താരതമ്യേന കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, മുന്‍കരുതല്‍ നടപടികളില്‍ വിട്ടുവീഴ്ചകളൊന്നും വേണ്ടെന്നാണ് നിര്‍ദേശം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ