"ക്യൂരിയോസ് 2020' പരിശീലന സെമിനാര്‍ നടത്തി
Thursday, January 30, 2020 9:44 PM IST
ന്യൂഡല്‍ഹി: ഫരിദാബാദ് രൂപതയിലെ സീറോ മലബാര്‍ ഡല്‍ഹി യൂത്ത് മൂവ്‌മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ സെന്‍റ് തോമസ് മൂര്‍ സ്റ്റഡി സര്‍ക്കിള്‍ സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമിക പരിശീലന സെമിനാര്‍ നടത്തി.

"ക്യൂരിയോസ് 2020' എന്ന പേരില്‍ നടത്തിയ സെമിനാര്‍ ഫരിദാബാദ് രൂപതയുടെ ആസ്ഥാനമായ കരോള്‍ബാഗിൽ രൂപത ചാന്‍സിലര്‍ മോണ്‍.ജോസ് വെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഇറ്റാലിയന്‍ അംബാസഡര്‍ കെ.പി. ഫാബിയന്‍, ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആന്‍റോ അല്‍ഫോന്‍സ് ഐപിഎസ്, സിവില്‍ സര്‍വീസ് ട്രെയിനിംഗ് രംഗത്തെ പ്രമുഖരായ ആള്‍ട്ടര്‍നേറ്റീവ് ലേണിംഗ് സിസ്റ്റത്തിന്‍റെ ഡയറക്ടര്‍ ജോജോ മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഡല്‍ഹി എന്‍സിആര്‍ പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 70ഓളം വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ സിവില്‍ സര്‍വീസ് മേഖലകളുടെ പ്രധാന്യവും അത് സമൂഹത്തെ ഗുണപരമായി മാറ്റാന്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കെപി. ഫാബിയനും ആന്‍റോ അല്‍ഫോന്‍സും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.

ഫാ. ബെന്നി പാലാട്ടി, ജതിന്‍ ടി. ജോസഫ്, ഷിനു ജോസഫ് പാളിയില്‍ എന്നിവര്‍ മുഖ്യ സംഘാടകരായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്