ഡിഎംഎയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു
Saturday, February 1, 2020 5:04 PM IST
ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ കർമ പരിപാടികളുടെ ഭാഗമായി ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാജ്യത്തിന്‍റെ ഭരണ വകുപ്പുകൾ പഠിക്കാനും പരീക്ഷ എഴുതാനും ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുന്ന (മോട്ടിവേഷണൽ ക്ലാസ് ഫോർ സിവിൽ സർവീസ് ആസ്‌പിറന്‍റ്സ്) അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സദസ് സംഘടിപ്പിച്ചു.

ഡിഎംഎ ലജ്പത് നഗർ ഏരിയയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പേര് രജിസ്റ്റർ ചെയ്ത 10, 12 ക്ലാസുകളിലെ വിദ്യാർഥികളും ബിരുദ വിദ്യാർഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്.

അർജുൻ മോഹൻ ഐഎഎസ്, സൂരജ് ഷാജി ഐഎഎസ്, ജിഷ്ണു ജെ. രാജു ഐഎഎസ്, ബി. ബാഷാ മുഹമ്മദ് ഐഎഎസ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിഎംഎ അഡ്വൈസറി ബോർഡ് അംഗം ബാബു പണിക്കർ, വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, പ്രോഗ്രാം കൺവീനറും ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്ററുമായ കെ. രാജേന്ദ്രൻ പിള്ള, ജോയിന്‍റ് കൺവീനറും നിർവാഹക സമിതി അംഗവുമായ ഡോ. വി. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി