കൊറോണവൈറസ് ബാധയ്ക്ക് പേര് ആയി "കോവിഡ്- 19'
Wednesday, February 12, 2020 10:05 PM IST
ജനീവ: കൊറോണവൈറസ് ബാധ കാരണമുണ്ടാകുന്ന ശ്വാസകോശ രോഗത്തിന് "കോവിഡ് -19' എന്ന് ലോകാരോഗ്യ സംഘടന പേരു നല്‍കി. കൊറോണ -വൈറസ് - ഡിസീസ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് "കോവിഡ് ' എന്ന ചുരുക്കപ്പേര്. 2019ല്‍ ആദ്യമായി കണ്ടുപിടിക്കപ്പെട്ടതിനാല്‍ 19 എന്ന സംഖ്യ കൂടി ചേര്‍ത്തിരിക്കുന്നു.

സാര്‍സ് - കോവ് - 2 എന്നാണ് ഈ രോഗത്തിനു കാരണമാകുന്ന വൈറസിനു നല്‍കിയിരിക്കുന്ന പേര്. ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അധാനോം ഗെബ്രിയേസസാണ് കൊറോണവൈറസ് സംബന്ധിച്ച വിദഗ്ധ ഉച്ചകോടിയുടെ തുടക്കത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയടക്കം 25 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വൈറസിൻരെ വ്യാപനം ശക്തിയാര്‍ജിക്കുമെന്നും 60 ശതമാനത്തോളം ജനങ്ങളില്‍ വൈസ് പകരുമെന്നും ഏതാണ്ട് നാലരക്കോടിയോളം ജീവനുകള്‍ ഇല്ലാതാകുമെന്നുമാണ് ലോകാരോഗ്യ സംഘടനയെ ഉദ്ദരിച്ചുകൊണ്ട് ഹോങ്കോങ്ങിലെ ശാസ്ത്രജ്ഞര്‍ ഭയക്കുന്നത്.
നിലവില്‍ 1200 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. 50,000 പേരോളം വൈറസ് ബാധ ഉണ്ടായതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ