ഇറ്റലിയിൽ കാറപകടത്തിൽ മരിച്ച നിക്കോളാസ് ജോണ്‍സണ്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും
Friday, February 14, 2020 10:13 PM IST
റോം: ഇറ്റലിയിൽ വാഹനാപകടത്തെ തുടർന്നു അകാലത്തിൽ ജീവൻ പൊലിഞ്ഞ നിക്കോളാസ് ജോണ്‍സണ്‍ എന്ന 21 കാരൻ ഇനി മുറ്റുള്ളവരിലൂടെ ജീവിക്കും. എറണാകുളം തോപ്പുംപടി പരേതനായ ജോണ്‍സൻ കണ്ടത്തിപ്പറന്പിലിന്‍റേയും കോട്ടയം തെള്ളകം പൂവക്കാട്ട് മേരിക്കുട്ടിയുടേയും മകനാണ് നിക്കോളാസ്.

ഫെബ്രുവരി 14 നു രാവിലെ 10.45 ന് ഇറ്റലിയിലെ സെന്‍റ് ജിയോവാനി ബസലിക്കയിൽ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു. നിരവധി വൈദികർ സഹകാർമികരായി. ഇറ്റലിയിലെ മലയാളി സമൂഹവും സ്വദേശികളും വിദേശികളുമായ ഒരു വലിയ ജനാവലിയും, ഇറ്റാലിയൻ ഫുട്ബോൾ ക്ലബായ എംഎസ് റോമയിലെ അംഗങ്ങളും നിറകണ്ണുകളോടെ നിക്കോളാസിന് അന്ത്യാജ്ഞലിയർപ്പിയ്ക്കാൻ എത്തിയിരുന്നു.

ഏഴുവർഷം മുന്പ് ഹൃദയഘാതത്തെ തുടർന്നു കേരളത്തിൽ മരിച്ച പിതാവ് ജോണ്‍സന്‍റെ ഓർമദിവസമാണ് നിക്കോളാസിന്‍റെയും സംസ്കാരം എന്നത് യാദൃശ്ചികമാവാം. ഇരുവർക്കും വേണ്ടിയുള്ള അനുസ്മരണ ശുശ്രൂഷ ഫോർട്ടുകൊച്ചി നസ്രത്ത് തിരുക്കുടുംബ ദേവാലയത്തിലും നടന്നു.

ഫെബ്രുവരി 2 നാണ് നിക്കോളാസിന്‍റെ കാർ അപകടത്തിൽ പെടുന്നത്. 9 ന് മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് നിക്കോളാസിന്‍റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യാൻ ഇറ്റലിയിലെ ആശുപത്രിയിൽ ഹെഡ് നഴ്സായ അമ്മ മേരിക്കുട്ടി അധികാരികൾക്ക് സമ്മതപത്രം നൽകി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇടതു കണ്ണും തലച്ചോറും ഒഴികെ നിക്കോളാസിന്‍റെ അസ്ഥിയും പേശികളും ഉൾപ്പടെയുള്ള അവയവങ്ങൾ മുഴുവൻ മുറിച്ചുമാറ്റി ഹെലികോപ്റ്ററിലും ആംബുലൻസുകളിലുമായി ഉടൻതന്നെ ബന്ധപ്പെട്ട ആശുപത്രികളിലേയ്ക്കു കൊണ്ടുപോയി.

ഭർത്താവിന്‍റെ അകാലത്തിലെ വേർപാടിൽ നിന്നും മുക്തി നേടുന്നതിനുമുന്പേ കുരുന്നുപ്രായത്തിൽ മകനും കൂടി നഷ്ടപ്പെട്ടതിന്‍റെ വേദനയിൽ അമ്മ മേരിക്കുട്ടിയ്ക്ക് താങ്ങായി നിക്കോളാസിന്‍റെ സഹോദരിയും ഡിഗ്രി വിദ്യാർഥിനിയുമായ സ്റ്റെഫാനി മാത്രമായി. മേരിക്കുട്ടിയുടെ മൂത്ത സഹോദരികളായ ജർമനിയിൽ താമസിക്കുന്ന ഏലിയാമ്മ മംഗളവീട്ടിലും, റോസി വൈഡറും സംഭവം നടന്ന അന്നുമുതൽ മേരിക്കുട്ടിയ്ക്കും മകൾക്കുമൊപ്പം തുണയായി ഇറ്റലിയിൽ ഉണ്ട്.

ചെറുപ്പം മുതലേ ഫുട്ബോൾ കന്പക്കാരനും എംഎസ് റോമയുടെ ആരാധകനുമായ നിക്കോളാസ് ഒരു മികച്ച ഫുട്ബോളറായിരുന്നു.ജനിച്ചത് ഇറ്റലിയിലായതുകൊണ്ട് ഇറ്റാലിയൻ പൗരത്വമാണെങ്കിലും നിക്കോളാസിന്‍റെ പ്രാഥമിക വിദ്യാഭ്യാസം ഏറ്റുമാനൂർ, കട്ടച്ചിറ മേരി മൗണ്ട് പബ്ളിക് & ജൂനിയർ കോളേജിലായിരുന്നു. തുടർന്ന് ഹോളണ്ട ിൽ സ്പോർട്സ് മാനേജ്മെന്‍റിൽ വിദ്യാർത്ഥിയായിരുന്നു.

ഫോട്ടോഗ്രാഫിയിൽ ഏറെ ഇഷ്ടക്കാരനായ നിക്കോളാസ് അവധിക്ക് റോമിലെത്തിയപ്പോൾ പതിവുപോലെ ടൂറിസ്റ്റുകൾക്ക് വഴികാട്ടിയായും ഫോട്ടോഗ്രാഫി ചെയ്തു കൊടുത്തു മടങ്ങും വഴിയാണ് ഫെബ്രുവരി 2 ന് പുലർച്ചെ നിക്കോളാസ് ഓടിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം ഉണ്ടായതും മരണം സംഭവിച്ചതും. നിക്കോളാസിന്‍റെ ആകസ്മിക വേർപാടിന്‍റെ വേദനയിൽ നിന്നും ഇതുവരെ മുക്തി നേടിയിട്ടില്ല ഇറ്റലിയിലെ മലയാളി സമൂഹം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ