കൊറോണ വൈറസ്: യൂറോപ്യന്‍ ആരോഗ്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു
Friday, February 14, 2020 10:20 PM IST
ബ്രസല്‍സ്: ലോകമാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാര്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്നു.

കൊറോണ ആഗോള വിപത്തായി തുടരുകയാണെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ അഭിപ്രായപ്പെട്ടു. വിവരങ്ങള്‍ കൈമാറുകയല്ലാതെ വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ യോഗത്തിനു സാധിച്ചില്ല.

ചൈനയിലേക്ക് മരുന്നുകളും തുണികളും എത്തിച്ചു കൊടുക്കുന്നതില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. എങ്കിലും ചൈനയിലേക്ക് മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും അടിയന്തരമായി എത്തിക്കാനും യോഗത്തിൽ ധാരണയായി.വൈറസിനെ നേരിടാനുള്ള പ്രതിരോധ മരുന്നുകളും ആന്‍റിബയോട്ടിക്കുകളും ജർമനി മാർക്കറ്റിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനിടയിൽ ജർമനിയിൽ കൊറോണ വൈറസ് ബാധിച്ച 16 പേരിൽ ഒരാൾ അസുഖം ഭേദമായി ആശുപത്രി വിട്ടതായി ജർമൻ ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. ബയേണിൽ 14 പേരും ഫ്രാങ്ക്ഫർട്ടിൽ രണ്ട് പേരുമാണ് ചികിത്സയിൽ കഴിയുന്നത്.

ജർമനിയിൽ ആശങ്കയ്ക്ക് വകയില്ലെന്നും പുതിയതായി ആർക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തി.യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഇനി യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ