ജര്‍മനിയിലും ഫ്രാന്‍സിലും വീണ്ടും കൊറോണവൈറസ് ബാധ
Wednesday, February 26, 2020 9:51 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ രണ്ടു പേര്‍ക്കും സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരാള്‍ക്കും പുതിയതായി കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനിയില്‍ ഇപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ടായി. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

സ്വിറ്റ്സര്‍ലന്‍ഡിലും ഓസ്ട്രിയയിലും ക്രൊയേഷ്യയിലും ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലും ഓരോരുത്തര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയാണ് യൂറോപ്പില്‍ രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന രാജ്യം.

പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യമന്ത്രിമാര്‍ ഇറ്റലിയില്‍ യോഗം ചേര്‍ന്നു. യൂണിയനുള്ളില്‍ രാജ്യാതിര്‍ത്തികള്‍ അടയ്ക്കേണ്ടതില്ലെന്നും യൂണിയന്‍ ഒറ്റക്കെട്ടായി രോഗത്തെ നേരിടുമെന്നുമാണ് തീരുമാനം. യൂറോപ്പിൽ കൊറോണ വൈറസ് ഒരു പകർച്ച വ്യാധിയായി മാറിയെന്ന് ജർമൻ ആരോഗ്യമന്ത്രി യെൻസ് സ്പാൻ മാധ്യമങ്ങളെ അറിയിച്ചു.

ഇറ്റലിയുടെ അതിർത്തിയിലുള്ള ടിസിനോയിലെ ഇറ്റാലിയൻ സംസാരിക്കുന്ന കന്റോണിൽ നിന്നുള്ള ആളിലാണ് ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.ഇയാൾ ഇപ്പോൾ ഒരു ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ്.മിലാനിൽ നിന്ന് മടങ്ങിയെത്തിയതുമുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ