കൊറോണ ഭീതിയില്‍ ജര്‍മനി
Friday, February 28, 2020 9:47 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ പുതിയ കൊറോണ ബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ മൂന്നിരട്ടിയായി. ഹെന്‍സ്ബെര്‍ഗ് ജില്ലയില്‍ 14 പുതിയ കേസുകള്‍ സ്ഥിരീകരിച്ച ഏകദേശം 1000 പേരെ വ്യാഴാഴ്ച മുതല്‍ ഐസോലേറ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം വരെ ജര്‍മനിയിലുടനീളം സ്ഥിരീകരിച്ചത് പത്ത് കൊറോണ ബാധകരെയായിരുന്നത് ഇതിനകം 30 ആയി സ്ഥിരീകരിച്ചു.വൈറസിന്‍റെ പ്രഭവകേന്ദ്രം വെസ്ററ് ഫാളിയ സംസ്ഥാനമാണ്.

കൊറോണ വൈറസ് ബാധ ഇറ്റലി ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മാരകമാകില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാനം ഇപ്പോഴും ആശങ്കയിലാണ്. ചെറിയ ഇടവേളയില്‍ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയാന്‍ ഊര്‍ജിത നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍.

47 കാരനാണ് ഇവിടെ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. തുടർന്നു ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവര്‍ കിന്‍റര്‍ ഗാര്‍ട്ടന്‍ അധ്യാപികയാണെന്നത് ഭീതി വര്‍ധിപ്പിക്കുന്നു.

ഈ ദമ്പതികളുമായി ബന്ധമുള്ള മറ്റു മൂന്നു പേര്‍ക്കും തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. എല്ലാവരും ഇപ്പോള്‍ ഹോം ക്വാറനൈ്റനിലാണ്. ഇവരുമായി ഇടപെട്ടിട്ടുള്ള എല്ലാവരെയും തെരഞ്ഞുപിടിച്ച് നിരീക്ഷണത്തില്‍ വയ്ക്കാനുള്ള ശ്രമം തുടരുന്നു.

വ്യാഴാഴ്ച പരീക്ഷിച്ച പോസിറ്റീവ് റിപ്പോര്‍ട്ടുള്ളവരെല്ലാം തന്നെ 14 ദിവസത്തോളം ഹോം ക്വാററ്റെനില്‍ കഴിയണമെന്നാണ്. മൊത്തത്തില്‍ ഹെന്‍സ്ബര്‍ഗ് മേഖലയില്‍ ആയിരം പേര്‍ ഒറ്റപ്പെട്ടിരിയ്ക്കയാണ്.

രോഗം നിയന്ത്രണത്തിലാക്കാന്‍ വേണ്ട സത്വര നടപടികള്‍ രൂപീകരിച്ചു വരുന്നതായി ജര്‍മന്‍ ആഭ്യന്തരമന്ത്രി സീ ഹോഫറും ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാനും മാധ്യമങ്ങളെ അറിയിച്ചു. വിദേശത്ത് നിന്ന് ജര്‍മനിയിലെത്തുന്നവര്‍ എയര്‍പോര്‍ട്ടുകളില്‍ ഇനി ഒരു ചോദ്യാവലി പൂരിപ്പിച്ച് നല്‍കാനുള്ള നടപടി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ജര്‍മനിയിലെ ബാഡന്‍വുട്ടന്‍ബര്‍ഗ്, ബയേണ്‍, ഹാംബുര്‍ഗ്, ഹെസന്‍ എന്നീ സംസ്ഥാനങ്ങളിലും പുതിയ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടനക്ക് ജര്‍മനി 400 കോടി 50 മില്യന്‍ യൂറോ സംഭാവന ചെയ്തതായും മന്ത്രിമാര്‍ വെളിപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ