വൈറസ് ഭീതിയില്‍ ആഗോള സമ്പദ് വ്യവസ്ഥ
Friday, February 28, 2020 9:51 PM IST
ലണ്ടന്‍: കൊറോണവൈറസ് ഭീതി ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചു തുടങ്ങി. തുടര്‍ച്ചയായ ആറാം ദിവസവും യുഎസും യൂറോപ്പും അടക്കമുള്ള വിപണികളില്‍ ഓഹരി വിപണി വൻ തകർച്ചയെ ആണ് നേരിട്ടത്.

സമീപകാലത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് പത്തു ശതമാനത്തോളം താഴെയാണ് വ്യാഴാഴ്ച വൈകിട്ട് മിക്ക വിപണികളും ക്ളോസ് ചെയ്തത്. യുഎസില്‍ മൂന്നു പ്രധാന സൂചികകളും ഒറ്റ ദിവസം രണ്ടര ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കി രണ്ടു ശതമാനവും ഇടിഞ്ഞു.

ജര്‍മനിയിലെ വിതരണ ശൃംഖലയെ രോഗം കാരണമുള്ള നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെയും ഓഹരി വിപണി കടുത്ത തകര്‍ച്ച നേരിടുന്നു.

കയറ്റുമതിയെ ആശ്രയിച്ചു നിലനില്‍ക്കുന്ന ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങളും ഡിമാന്‍ഡ് കുത്തനെ കുറയുന്നതും വന്‍ തിരിച്ചടിയാണ്.

യൂറോപ്പില്‍ രോഗബാധ ഏറ്റവും രൂക്ഷമായിട്ടുള്ള ഇറ്റലിയിലാകട്ടെ, ടൂറിസം മേഖല വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. പല നഗരങ്ങളിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നു. യാത്രികര്‍ സ്വയം പിന്‍മാറുന്നതും വ്യാപകം. ഹോട്ടല്‍, ഫ്ളൈറ്റ് ബുക്കിങ്ങുകളെല്ലാം കൂട്ടമായി കാന്‍സല്‍ ചെയ്യപ്പെടുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ