പ്രതിസന്ധി നേരിടാന്‍ പണമൊഴുക്കി ജര്‍മനി
Wednesday, March 25, 2020 2:23 AM IST
ബര്‍ലിന്‍: ഒരു പതിറ്റാണ്ടോളം സാമ്പത്തിക അച്ചടക്കത്തിനു യൂറോപ്പിനാകെ മാതൃകയായി തുടര്‍ന്ന ജര്‍മനി, കൊറോണ വൈറസ് രോഗബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പണമൊഴുക്കിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു.

സര്‍ക്കാരിനു കടമെടുക്കാവുന്ന നൂറു ബില്യൺ യൂറോ പരിധി നീക്കുന്നതാണ് ഇതില്‍ പ്രധാനം. 156 ബില്യൺ ഇപ്പോള്‍ വായ്പയെടുക്കാന്‍ തീരുമാനവുമായി. മാത്രവുമല്ല ചെറുകിട വ്യവസായങ്ങള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കലാകാരന്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മൂന്നു മാസത്തേക്ക് 9000 യൂറോ മുതല്‍ 15000 യൂറോ വരെ നല്‍കും.

ഇടത്തരം, വന്‍കിട കമ്പനികള്‍ക്കാകട്ടെ പരിധിയില്ലാത്ത ക്രെഡിറ്റും നല്‍കും. ജോലി നഷ്ടം കാരണം ശമ്പളം കുറവു വരുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ടോപ്പപ്പ് സാലറി നല്‍കും.
വാടക നല്‍കാന്‍ കഴിയാത്തവര്‍ക്ക് മൂന്നു മാസം സാവകാശം നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തുക അനുവദിക്കുക എന്നതാണ് മറ്റൊരു പ്രധാന തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ