വോള്‍വോ ഉത്പാദനം നിര്‍ത്തിവച്ചു
Wednesday, March 25, 2020 9:58 PM IST
സ്റ്റോക്ക്ഹോം: ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് വാഹനനിര്‍മാതാക്കളായ വോള്‍വോ ഉത്പാദനം നിര്‍ത്തിവച്ചു. യൂറോപ്പിലെയും യുഎസിലെയും പ്ളാന്‍റുകളെ ബാധിക്കുന്നതാണ് ഈ തീരുമാനം.

ജീവനക്കാരുടെ ആരോഗ്യവും വ്യവസായത്തിന്‍റെ ഭാവിയുമാണ് പ്രഥമ പരിഗണനകളെന്ന് സിഇഒ ഹാകാന്‍ സാമുവല്‍സണ്‍. വൈറസ് പടരുന്നതു തടയാന്‍ സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെല്‍ജിയത്തിലെ പ്ളാന്‍റില്‍ ചൊവ്വാഴ്ച തന്നെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. സ്വീഡനിലെ മൂന്നു ഫാക്റ്ററികളിലും യുഎസിലെ സൗത്ത് കരോളിനയിലും മാര്‍ച്ച് 26 മുതലാണ് ഉത്പാദനം പൂര്‍ണമായി നിര്‍ത്തുന്നത്.

ബെല്‍ജിയത്തില്‍ ഏപ്രില്‍ അഞ്ചിനും യുഎസില്‍ ഏപ്രില്‍ പതിനാലിനും പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചൈനയില്‍ നിര്‍ത്തിവച്ച ഉത്പാദനം കമ്പനി പുനരാരംഭിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ