കോവിഡ് 19: അബുദാബി പോലീസ് പരസ്യ പ്രചാരണം ആരംഭിച്ചു
Thursday, March 26, 2020 12:10 AM IST
അബുദാബി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നഗരവാസികൾ അവരവരുടെ വീടുകളിൽ സുരക്ഷിതമായി കഴിയണമെന്നും അത്യാവശ്യകാര്യങ്ങൾക്കായി മാത്രമേ പുറത്തിറങ്ങാവൂ എന്നും നിർദ്ദേശിച്ചുകൊണ്ട് അബുദാബി പോലീസിന്‍റെ നേതൃത്വത്തിൽ പരസ്യ പ്രചാരണം ആരംഭിച്ചു .

" നിങ്ങളുടെ സുരക്ഷിതത്വത്തിനും മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും നിങ്ങൾ നിങ്ങളുടെ വീടുകളിൽ കഴിയുക . നിങ്ങളുടെയും കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും സുരക്ഷിതത്വത്തിന് നിങ്ങൾ ഓരോരുത്തരും തന്നെയാണ് ഉത്തരവാദികൾ' എന്നു തുടങ്ങുന്ന നിർദ്ദേശങ്ങൾ മലയാളം അടക്കം വിവിധ ഭാഷകളിൽ മൈക്കിലൂടെ മുഴക്കികൊണ്ടാണ് പോലീസ് വാഹനങ്ങൾ റോന്തു ചുറ്റുന്നത് .

ആഭ്യന്തര വകുപ്പിന്‍റേയും ദേശീയ ദുരന്ത നിവാരണ സമിതിയുടെയും നിർദ്ദേശം അനുസരിച്ച് ആളുകൾ കൂട്ടം കൂടുന്നതും പരസ്പര സന്ദർശനങ്ങളും വിലക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾക്കു പകരം സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാനും ഒരു വാഹനത്തിൽ മൂന്നു പേരിൽ കൂടുതൽ യാത്ര അരുതെന്നും നിർദ്ദേശമുണ്ട് . അടിയന്തിര സാഹചര്യങ്ങൾ ഒഴിച്ചുള്ള ഒരു കാര്യങ്ങൾക്കും ആശുപത്രികളിൽ പോകരുതെന്നും അധികൃതർ നിർദ്ദേശിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള