കൊറോണയെ നേരിടാന്‍ ചരിത്രപരമായ പാക്കേജുമായി ജര്‍മനി
Thursday, March 26, 2020 10:22 PM IST
ബര്‍ലിന്‍: ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. കൊറോണവൈറസ് ബാധയെയും അനുബന്ധ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് 1.1 ട്രില്യൺ ഡോളറിന്‍റെ പാക്കേജാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഇതു യാഥാര്‍ഥ്യമാക്കാന്‍ 2013നു ശേഷം ആദ്യമായി സര്‍ക്കാര്‍ കടമെടുക്കാനും തീരുമാനിച്ചു. കടമെടുക്കുന്നതിനുള്ള പരിധി നൂറു ബില്യൺ യൂറോയില്‍ നിന്ന് 156 ബില്യൺ യൂറോയായി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശത്തിനും പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.

അധോസഭ അംഗീകരിച്ച നിര്‍ദേശങ്ങള്‍ വാരാന്ത്യത്തോടെ ഉപരിസഭയും അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തും സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും വലിയ തോതില്‍ പണം വകയിരുത്തുന്നതാണ് പാക്കേജ്. ആരോഗ്യ മന്ത്രാലയത്തിനു ചെലവാക്കാവുന്ന തുകയുടെ പരിധി മൂന്നു ബില്യൺ യൂറോയായി ഉയര്‍ത്തുന്നുമുണ്ട്. ഇരുപതു ശതമാനത്തോളമാണ് വര്‍ധന.

അതേസമയം, രോഗബാധ ഇപ്പോഴും രാജ്യത്ത് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുകയാണ്, മരണ സംഖ്യയും ഉയരുന്നു. എന്നാല്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനിയില്‍ മരണ നിരക്ക് കുറവാണെന്നത് നേരിയ ആശ്വാസവും നല്‍കുന്നു.

ഏകദേശം 40,421 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രാജ്യത്ത് മരണസംഖ്യ 229 ആണ്.
ഇറ്റലിയില്‍ രോഗികളുടെ എണ്ണം ഇതിന്‍റെ ഇരട്ടിയോളം വരും. മരണസംഖ്യ ജര്‍മനിയിലേതിന്‍റെ ഇരുപതു മടങ്ങും. എന്നാല്‍, ഇത് രാജ്യം സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദഗ്ധര്‍ക്കും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിട്ടുണ്ടോ എന്നുപോലും പറയാറായിട്ടില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ