ജർമനിയിൽ "കോവിഡ് 19' സമൂഹവ്യാപകമാകുന്നതായി കണക്കുകൾ
Saturday, March 28, 2020 9:29 AM IST
ബർലിൻ: കോവിഡ് 19 എന്ന മഹാമാരി ജർമനിയിലും ശക്തമായി പിടിമുറുക്കുന്ന അവസ്ഥയിലേയ്ക്കു പോകുന്നുവെന്നാണ് ഓരോ ദിവസത്തെയും കണക്കുകൾ സൂചിപ്പിക്കുന്നത്.

ജർമനിയിൽ ഇതുവരെയായി കൊറോണ ബാധിതരുടെ എണ്ണം 50,000 ത്തോളമായതായി സ്ഥീരികരിച്ചിട്ടുണ്ട്. ഇതിൽ ഏതാനും മലയാളികളും ഉൾപ്പെടുന്നു. എന്നാൽ ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയായി 1304 പേരാണ് മരിച്ചത്. 5673 പേർ രോഗമുക്തി നേടിയതായും കണക്കുകൾ പറയുന്നു.

ഒരു ദിവസം 200,000 കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തി പരിശോധന വിപുലീകരിക്കാനാണ് ജർമനി ലക്ഷ്യമിടുന്നത്. ജർമൻ ആഭ്യന്തര മന്ത്രാലയം ഭാവിയിൽ കൂടുതൽ ആളുകൾക്ക് സ്വയം പരിശോധന നടത്താൻ പ്രേരണ നൽകുമെന്നും പറയുന്നു.കൊറോണ വൈറസ് പാൻഡെമിക്കെതിരായ പോരാട്ടത്തിൽ, ജർമൻ സർക്കാർ ടെസ്റ്റിംഗ് വിപുലീകരിക്കുന്നതിനുള്ള ഒരു ശ്രമമാണ് നടത്തുന്നത്. ഇതിനായി ദക്ഷിണ കൊറിയയെ ഒരു റോൾ മോഡലായി കാണുകയാണ് ജർമനി.

പൊതുജനാരോഗ്യത്തിനും സന്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും മൊത്തത്തിൽ ഉണ്ടാകുന്ന മോശമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സർക്കാർ "ദ്രുത നിയന്ത്രണ' സാഹചര്യം സൃഷ്ടിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ