ജര്‍മനിയില്‍ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ സംഖ്യ 50,000 കടന്നു
Sunday, March 29, 2020 3:46 PM IST
ബര്‍ലിന്‍: കോവിഡ് 19 എന്ന മഹാമാരി ജര്‍മനിയിലും ശക്തമായി പടരുന്നു. ഇതുവരെയായി അരലക്ഷത്തിലധികം ആളുകളാണ് കൊറോണ വൈറസ് ബാധിച്ച് കിടക്കയിലായിരിയ്ക്കുന്നത്. ഇതുവരെയായി 400 ഓളം പേരാണ് മരിച്ചത്. ഏഴായിരത്തോളം പേര്‍ക്കാണ് ഒറ്റദിവസംകൊണ്ട് ബാധയേറ്റത്. ആറായിരത്തിഅഞ്ഞൂറിലധി പേര്‍ സുഖം പ്രാപിച്ചതായും കണക്കുകള്‍ പറയുന്നു.

കോവിഡ് 19 പിടിച്ചരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇതവില്‍ മൂന്നു പേര്‍ സുഖം പ്രാപിച്ചുവരുന്നു. ഒരു വൈദികനും രണ്ടു സന്യസ്‌രുമാണ് സുഖം പ്രാപിച്ചുവരുന്നത്.

ഇതിനിടെ ജര്‍മനിയിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ദൗര്‍ലഭ്യം നേരിടുന്നതായി ആശുപത്രി മാനേജ്‌മെന്റുകളുടെ കൂട്ടായ്മ വെളിപ്പെടുത്തി. മിക്ക ആശുപത്രികളിലും നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് രോഗം ബാധിച്ചതിനാല്‍ ആവശ്യത്തിനു നഴ്‌സുമാരില്ലെന്നാണ് പറയുന്നത്. കൊറോണ തുടങ്ങുന്നതിനു മുമ്പുതന്നെ ജര്‍മനിയിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ കുറവ് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയതാണ്. ആ നില തുടരുമ്പോഴാണ് കൂനിന്മേല്‍ കുരുവെന്നപോലെ കൊറോണയുടെ താണ്ഡവവും.

16 സംസ്ഥാനങ്ങളുള്ള ജര്‍മനിയില്‍, ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധിച്ചത്. അതുപോലെതന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും കൊളോണ്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ഫാളിയ സംസ്ഥാനത്താണ്.

ജര്‍മന്‍ മിലിട്ടറിയുടെ എ 30 മിഡ് ഇവാക് MedEvac-Flieger (Airbus 310 „August Euler“എന്ന പറക്കുന്ന ഐസിയു എന്നു വിളിപ്പേരുള്ള എയര്‍ ആംബുലന്‍സില്‍ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ നിന്ന് കൊറോണ ബാധിച്ച ആറു രോഗികളെ ജര്‍മനിയിലെ കൊളോണ്‍ മെഡിക്കല്‍ കോളേജില്‍ ഇന്നു എത്തിച്ചിട്ടുണ്ട്. ഇതിനിടെ ഇറ്റലിയിലെ ലോംബാര്‍ഡിയില്‍ നിന്നും ഫ്രാന്‍സിന്റെ അതിര്‍ത്തി പ്രദേശമായ അല്‍സാസില്‍ നിന്നുമുള്ള ഒരു ചെറിയ വിഭാഗം രോഗികളെ ജര്‍മനിയിലെ ആശുപത്രികളില്‍ ചികിത്സിക്കാന്‍ എത്തിച്ചിട്ടുണ്ട്.

ഇറ്റലി

ഇറ്റലിയെ പിടിച്ചുകുലുക്കി മരണസംഖ്യ അതിരൂക്ഷമായി ഉയരുകയാണ്. ഇന്നലെ മാത്രമായി 969 പേരാണ് ഇവിടെ മരിച്ചത്. ഇതുവരെയായി 9136 പേരാണ് അവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 87000 ത്തോട് അടുക്കുകയാണ്. ഒറ്റ ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.

അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത രാജ്യത്ത് തുടരുകയാണ്. 7.4 ശതമാനം എന്ന നിരക്കിലാണ് വെള്ളിയാഴ്ച രോഗബാധ വര്‍ധിച്ചത്. വ്യാഴാഴ്ച ഇത് എട്ടു ശതമാനമായിരുന്നു.ഇതുവരെയായി 86498 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.മരണം ആകെ 9134 ആയി.

ബ്രിട്ടന്‍

ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി കൂടുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെയായി 1019 പേരാണ് മരിച്ചത്. ഇതുവരെയായി 17089 പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഒറ്റ ദിവസം പുതിയതായി മൂവായിരം പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

സ്‌പെയിന്‍

അയല്‍ സംസ്ഥാനമായ സ്‌പെയിനില്‍ മരണം 5690 ഓളം ആയി. ഇവിടെ രോഗബാധിതര്‍ 72648 ല്‍ അധികമാണ്. വെള്ളിയാഴ്ച 769 പേര്‍ മരിച്ചതോടെ സ്‌പെയ്‌നും ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു. സ്‌പെയ്‌നില്‍ മരണസംഖ്യ കുതിച്ചുയരുമ്പോഴും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടാത്ത അവസ്ഥ ആയിട്ടുണ്ട്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

അയര്‍ലന്‍ഡില്‍ ലോക്ക്ഡൗണ്‍

അതേസമയം കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ അയര്‍ലണ്ടില്‍ ഈസ്റ്റര്‍ ഞായറാഴ്ച വരെ ആളുകള്‍ വീട്ടില്‍ തന്നെ കഴിയേണ്ടിവരും. വീടുകളില്‍ നിന്ന് രണ്ടു കിലോമീറ്ററില്‍ കൂടുതല്‍ നടക്കരുതെന്നാണ് സര്‍ക്കാരിന്റെ കടുത്ത നിര്‍ദ്ദേശം. വീടുകളില്‍ നിന്നും പരിമിതമായ കാരണങ്ങളാല്‍ മാത്രമേ പുറത്തു പോകാന്‍ കഴിയൂ. ഏപ്രില്‍ 12 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്.

നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ ജോലി ആവശ്യങ്ങള്‍ക്കായും ആരോഗ്യം, സാമൂഹ്യ പരിപാലനം അല്ലെങ്കില്‍ മറ്റ് അവശ്യ സേവനങ്ങള്‍ക്ക് ഒരു ഫോം ഹോം പട്ടിക നല്‍കുകയും വേണം. ഭക്ഷണത്തിനും വീട്ടുസാധനങ്ങള്‍ക്കും ഷോപ്പിംഗ് നടത്താനും മഡിക്കല്‍ അപ്പോയിന്റ്‌മെന്റിനും അനുവാദമുണ്ട്. ഇവിടെ 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച മലയാളികള്‍ എല്ലാംതന്നെ വീടുകളില്‍ ക്വാറന്റൈില്‍ ആണ്. പതിനഞ്ചോളം മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചുവരുന്നതായി അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വിറ്റ്‌സര്‍ലണ്ടില്‍ രോഗബാധിതര്‍ 13000 ആയി. ഇവിടെ ആകെ മരിച്ചത് 231 പേരാണ്. ബെല്‍ജിയം 249, ഹോളണ്ട് 549, ഓസ്ട്രിയയില്‍ 58 , സ്വീഡനില്‍ 105 മരണങ്ങളും സംഭവിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍