കൊറോണ വൈറസ് രോഗികൾക്ക് ശ്വസന സഹായ സാങ്കേതികവിദ്യയുമായി യുകെ
Monday, March 30, 2020 9:32 PM IST
ലണ്ടൻ: യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ എൻജിനിയർമാർ, യുസി‌എൽ‌എച്ച്‌, മെഴ്‌സിഡസ് ഫോർമുല വൺ എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഐസിയുവിന്‍റെ സഹായമില്ലാതെ ഉപയോഗിക്കാവുന്ന ഒരു ശ്വസന സഹായ ഉപകരണം യുകെ എൻജിനിയർമാർ പുറത്തിറക്കി. വെന്‍റിലേറ്ററിന്‍റെ ആവശ്യമില്ലാതെ തന്നെ ശ്വാസകോശത്തിലേക്ക് നേരിട്ട് ഓക്സിജൻ എത്തിക്കുവാൻ ഈ ഉപകരണത്തിനു സാധിക്കും.

കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനായി സ്ലീപ് അപ്നിയയും കൂർക്കം വലിയും കൈകാര്യം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ശ്വസന യന്ത്രങ്ങളുടെ ഒരു പുതിയ രൂപ ഘടനയും സാങ്കേതിക വിദ്യയും ചേർന്നതാണ് ഈ ഉപകരണം. സി‌എ‌പി‌പി എന്നറിയപ്പെടുന്ന തുടർച്ചയായ പോസിറ്റീവ് എയർവേ പ്രഷർ മെഷീനുകൾ ഓക്സിജൻ അടങ്ങിയ വായു ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്നു, വെന്‍റിലേറ്ററുകളേക്കാൾ വളരെ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ ഒരു ബദൽ സംവിധാനമാണ്. ഇത് ഉപയോഗിക്കുന്ന രോഗികൾക്ക് തീവ്രപരിചരണത്തിൽ കിടത്തേണ്ട ആവശ്യമില്ല.

തുടർച്ചയായ പോസിറ്റീവ് എയർവേ പ്രഷർ (സി‌എ‌പി‌പി) ടെക്നോളജി ഉപയോഗിച്ചുള്ള ഓക്സിജൻ തള്ളുന്ന ഈ ഉപകരണങ്ങൾ ഇതിനകം ആശുപത്രികളിൽ നിർമിച്ചു നൽകി പരീക്ഷണ ഘട്ടത്തിലാണ്. പുതിയ നാൽപത് ഉപകരണങ്ങൾ യു‌എൽ‌സി‌എച്ചിലേക്കും മറ്റു മൂന്ന് ലണ്ടൻ ആശുപത്രികളിലേക്കും എത്തിച്ചു കഴിഞ്ഞു. ട്രയലുകൾ‌ ശരിയായ ദിശയിൽ നടക്കുന്നുവെങ്കിൽ‌, ഒരാഴ്‌ചയ്‌ക്കുള്ളിൽ‌ ഉത്പാദനം ആരംഭിക്കാനുദ്ദേശിക്കുന്ന മെഴ്‌സിഡസ്-എ‌എം‌ജി-എച്ച്പി‌പിക്ക് സംയുക്ത പ്രോജക്ടിൽ പ്രതിദിനം 1,000 വരെ സി‌എ‌പി‌പി മെഷീനുകൾ നിർമിക്കാൻ കഴിയും എന്നത് ലോകത്തിനു വലിയ ആശ്വാസം നൽകുന്ന വാർത്തയാണ്.

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) ഇതിനകം തന്നെ അവയുടെ ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട് എന്നത് ടെക്നോളജിയുടെ അംഗീകാരത്തെയാണ് ചൂണ്ടിക്കാണിക്കുക.

അതേസമയം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഇന്‍റൻസീവ് കെയർ മെഡിസിൻ പ്രഫ. ഡങ്കൻ യംഗ്, “ ശ്വാസകോശ സംബന്ധമായ അണുബാധയുള്ള രോഗികളിൽ സി‌എ‌പി‌പി മെഷീനുകൾ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെയാവണം. കാരണം മാസ്കിനു ചുറ്റും ചെറിയ ചോർച്ച ഉണ്ടായാൽ ക്ലിനിക്കൽ സ്റ്റാഫുകളുടെമേൽ സ്രവങ്ങൾ തെറിക്കുവാൻ സാധ്യതയേറെയാണ്.

മാസ്കിൽ ഒരു ഇറുകിയ സീൽ ഘടിപ്പിച്ചാലോ, ഹെൽമെറ്റ് ധരിക്കുകയോ അല്ലെങ്കിൽ ക്ലിനിക്കൽ സ്റ്റാഫിന് ആവശ്യമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ധരിച്ചാലോ,ഈ അപകടസാധ്യത കുറയ്ക്കുമെന്ന് പ്രഫ. മെർവിൻ സിംഗർ പറഞ്ഞു.

പുതിയ മെഷീനുകളുടെ ഉത്പാദനത്തിൽ സഹകരിക്കുവാനുള്ള അഭ്യർഥനയോടു ഫോർമുല വൺ കമ്യൂണിറ്റി സന്തോഷമായി പ്രതികരണം പ്രകടിപ്പിച്ചുവെന്ന് മെഴ്‌സിഡസ്-എഎംജി ഹൈ പെർഫോമൻസ് പവർട്രെയിനുകളുടെ മാനേജിംഗ് ഡയറക്ടർ ആൻഡി കോവൽ പറഞ്ഞു."ഏറെ അഭിമാനം തോന്നുന്ന ഈ ഉദ്യമത്തിൽ ഉയർന്ന നിലവാരത്തിലും സമയപരിധിക്കുള്ളിലും നിർമിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധവുമാണ്. "

ഓക്‌സ്‌ഫോർഡ് ഒപ്ട്രോണിക്‌സ് എന്ന ചെറുകിട ബിസിനസും ഈ ഉപകരണത്തിനായി ഓക്‌സിജൻ മോണിറ്ററുകൾ നിർമിക്കും.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ