മക്കൾ വിശന്നു കരയുന്പോൾ എനിക്ക് ഭക്ഷണം ഇറങ്ങില്ല: ജേക്കബ് മാർ ബർണബാസ്
Tuesday, March 31, 2020 6:22 PM IST
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചവർ സാധുക്കളുടെ വിശപ്പിനെക്കുറിച്ച് ആലോചിക്കുന്നത് അവർ നഗരം വിട്ട് പാലായനം ചെയ്യാൻ തുടങ്ങിയപ്പോഴാണ്. അതിനു മുന്പേ തന്നെ വിശക്കുന്നവന് അന്നം വിളന്പി മാതൃകയാകുകയാണ് സീറോ മലങ്കര സഭ ഗുരുഗ്രാം ആർച്ച് ബിഷപ്പ് ജേക്കബ് മാർ ബർ ബർണാബാസ്.

പ്രധാനമന്ത്രി ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ രണ്ടാം ദിനമാണ് ആർച്ച് ബിഷപ്പിന് ഒരു ഫോണ്‍ സന്ദേശമെത്തിയത്. വിളിച്ചത് ഒരു ബാലനാണ് ’ ഞങ്ങൾക്ക് ഭക്ഷണമില്ല വെളിയിൽപോയാൽ പോലീസ് തല്ലും’. താൻ നേതൃത്വം കൊടുക്കുന്ന സന്നദ്ധ സംഘടനയായ പ്രചോദനയുടെ സാരഥികൾക്കൊപ്പം സ്ഥിരമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാറുള്ള ഡൽഹി യുപി അതിർത്തിയിലെ മാനസോരോവർ പാർക്കിൽ നിന്നായിരുന്നു ആ കുട്ടി വിളിച്ചത്. അദ്ദേഹം ഉടൻ തന്നെ രൂപതയുടെ സന്നദ്ധ സേവന വിഭാഗമായ പ്രചോദനയുടെ പ്രവർത്തകരെ വിവരം അറിയിച്ചു അവർക്ക് വാഹനങ്ങളും സ്ഥിരമായി ഭക്ഷണം ഉണ്ടാക്കി നൽകുന്ന ആളുകളും ഉണ്ട്. ബർണബാസിനും അദ്ദേഹം നേതൃത്വം നൽകുന്ന പ്രചോദനയ്ക്കും ഭക്ഷണ വിതരണം കൊറോണക്കാലത്ത് ആരംഭിച്ച താൽക്കാലിക സന്നദ്ധപ്രവർത്തനമല്ല. അദ്ദേഹം ഗുരുഗ്രാം രൂപതയുടെ ബിഷപ്പായി ചുമതലയേറ്റശേഷം ആരംഭിച്ചതാണ് തെരുവിലും നഗരത്തിലെ പാലങ്ങളുടെ അടിയിൽ ജീവിക്കുന്നവർക്കു ഭക്ഷപ്പൊതികളെത്തിക്കുക. ക്രിസ്മസും മറ്റു വിശേ ദിനങ്ങളിലും അദ്ദേഹം തന്നെ തന്‍റെ സഹപ്രവർത്തകർക്കൊപ്പം മാനസരോവർ പാർക്ക്, കാശ്മീരിഗേറ്റിൽ യമുന നദീക്ക് മുകളിലൂടെയുള്ള പാലം, വ്യാവസാ കേന്ദ്രമായ നോയിഡക്ക് സമീപമുള്ള ചേരികൾ, ബിഷപ് ഹൗസ് സ്ഥിതി ചെയ്യുന്ന നേബ് സരായി (ഇഗ്നോ യൂണിവേഴ്സിറ്റിക്ക് സമീപം) എന്നിവിടങ്ങളിൽ നേരിട്ട് ഭക്ഷണം വിതരണം ചെയ്യാറുണ്ട്.

ആർച്ച് ബിഷപ് ബർണബാസിന് ഇതൊരു ദൗത്യമാണ്. സ്വന്തമായി ബിഷപ്പു ഹൗസും മറ്റു സൗകര്യങ്ങളും ഇല്ലാത്തപ്പോഴും തന്‍റെ വിശ്വാസഗണത്തോട് 10 ശതമാനം ദശാംശം കൊടുക്കണമെന്നും അതു കൃത്യമായി അർഹതപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കാനും അദ്ദേഹം മുന്നിട്ടിറങ്ങുന്നു.

ഫാ.മാത്യു വടക്കേക്കുറ്റാണ് പ്രചോദനയുടെ ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ അജി തോമസ് എന്നിവർക്കു പുറമെ രൂപതയിലെ വൈദീകരും ബഥനി സംന്ന്യാസിനിമാരും പ്രചോദനയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ പ്രചോദന സജീവമാണ്.

കൊറോണയെത്തുടർന്നു രാജ്യമാകെ അടച്ചുപൂട്ടിയപ്പോൾ ഭക്ഷണം നിറച്ച തന്‍റെ വാഹനത്തെ പ്രതീക്ഷിച്ച് പാലത്തിനടിയിലും വഴിയോരത്തും ചേരികളുടെ ഇരുണ്ട കോണുകളിലും കഴിയുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് ഇദ്ദേഹത്തിന് ഓർമ വന്നത്. ഉടനെ തന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഡൽഹി പോലീസ് കമ്മീഷണർ എന്നിവർക്ക് തങ്ങളുടെ ദൗത്യത്തെക്കുറിച്ച് എഴുതുകയും ചെയ്തു. ഡൽഹി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുക, സാധ്യമായ സഹായം ചെയ്യാം. ഭക്ഷ്യ വസ്തുക്കൾ എത്തിച്ചുതരാൻ തയാറാണ് എന്നു അറിയിപ്പും കിട്ടി. പോലീസ് കമ്മീഷണർ ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്കും പിതാവിനും കർഫ്യൂ പാസ് നൽകി.

ആയിരം പേർക്കുള്ള ഭക്ഷണപ്പൊതിയാണ് ആദ്യം ലക്ഷ്യം വച്ചതെങ്കിലും ലഭിച്ചത് 1400 ലധികമാണ്. അടുത്തുള്ള ഒരു കാറ്ററിംഗ് കന്പനി ചപ്പാത്തി, പൂരി എന്നിവ നിർമിക്കാനുള്ള മെഷീനുകളും തൊഴിലാളികളെയും വിട്ടു നൽകാമെന്നേറ്റു. കൊറോണ ദൗത്യത്തിന്‍റെ ഭാഗമായുള്ള ഭക്ഷ്യ വിതരണം ഇപ്രകാരമാണ്. പാലത്തിനടിയിലും വഴിയോരത്തും തമാസിക്കുന്നവർക്ക് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ചേരികളിലുള്ളവർക്ക് അരി ഗോതന്പ് പൊടി, ദാൽ, പയറു വർഗങ്ങൾ എന്നിവ പായ്ക്കറ്റായി നൽകുന്നു.

ഭക്ഷം തയാറാക്കാൻ മുന്നിട്ടിറങ്ങിയവരുടെ മുന്നിൽ തന്നെ ഈ വൈദീക ശ്രേഷ്ഠനുമുണ്ടായിരുന്നു. "മക്കൾ വിശന്നു കരയുന്പോൾ അപ്പന് ഭക്ഷണം ഇറങ്ങില്ല’.. ഈ വാക്കുകൾ ഭംഗിവാക്കല്ല, വാക്കും പ്രവർത്തിയും ഒന്നായ ഒരു വലിയ ഇടയന്‍റെ ഹൃദയത്തിൽ നിന്നുള്ളതാണ്.