മെർക്കലിന്‍റെ പരിശോധനാഫലം മൂന്നാമതും നെഗറ്റീവ്
Tuesday, March 31, 2020 9:13 PM IST
ബർലിൻ: കൊറോണ വൈറസ് ബാധിച്ചുവെന്ന സംശയത്തിന്‍റെ പേരിൽ ക്വാറന്‍റൈനിൽ കഴിയുന്ന ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പരിശോധനാ ഫലം മുന്നാമതും നെഗറ്റീവ് ആയി.എങ്കിലും ഈയാഴ്ച അവസാനം വരെ അവർ ക്വാറന്‍റൈനിൽ തുടരും.

അറുപത്തഞ്ചുകാരിയായ മെർക്കൽ ബർലിനിലെ അവരുടെ ഫ്ളാറ്റിൽ ഒരാഴ്ചയായി സ്വയം ഒറ്റപ്പെടലിലാണ്. മാർച്ച് 20നാണ് മെർക്കലിന് വാക്സിനേഷൻ നൽകിയ ഡോക്ടർക്ക് വൈറസ് ബാധയുണ്ടെ‌ന്ന് തെളിഞ്ഞതിനെ തുടർന്ന് ക്വാറന്‍റൈനിൽ 14 ദിവസത്തേയ്ക്ക് സ്വയം പ്രതിരോധം തീർത്തത്.

മെർക്കൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുമോ എന്ന് ഉടൻ വ്യക്തമല്ല. വരും ദിവസങ്ങളിൽ ഹോം ക്വാറന്‍റൈനിൽ തുടരുമെന്ന് വക്താവ് സ്റ്റെഫെൻ ബൈബർട്ട് പ്രസ്താവനയിൽ പറഞ്ഞു.

ഇതിനിടെ മെർക്കൽ വീഡിയോ ലിങ്ക് വഴി പ്രവർത്തിക്കുകയും സർക്കാർ മീറ്റിംഗുകൾ നടത്തുകയും ചെയ്തു. രാജ്യത്ത് നടപ്പിലാക്കിയ അദ്ഭുതപൂർവമായ നടപടികൾക്ക് ചെവികൊടുത്തതിനും അനാവശ്യമായ സാമൂഹിക സന്പർക്കങ്ങൾ ഒഴിവാക്കുന്നതിനും ജർമൻകാർക്ക് നന്ദി അറിയിച്ചുകൊണ്ട് അവർ ശനിയാഴ്ച ഒരു ഓഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. നിയന്ത്രണങ്ങൾ എപ്പോൾ ലഘൂകരിക്കാമെന്ന് പറയാൻ കഴിയില്ലെന്നും വളരെ വേഗം കഴിയുമെന്നും അതിനു ക്ഷമയോടെ കാത്തിരിക്കണമന്നെും അവർ അഭ്യർഥിച്ചു.

റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസീസ് കണ്‍ട്രോൾ പ്രകാരം ജർമനിയിൽ 57,000 കൊറോണ വൈറസ് കേസുകളും 455 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ അമേരിക്കയിലെ ജോണ്‍ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം ജർമനിയിൽ ഇതുവരെയായി 67051 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മരണം 682 ആയി ഉയർന്നു. ജർമനിയിൽ കോവിഡ് ബാധിച്ച പുതിയ കേസുകളുടെ കാര്യത്തിൽ കുറവു വന്നിട്ടുണ്ട്.

കോവിഡ് 19 ജർമനിയിൽ പുതിയ ഘട്ടത്തിലേയ്ക്ക്

ജർമനിയിലെ കൊറോണ പകർച്ചവ്യാധി പുതിയ ഘട്ടത്തിലേയ്ക്കു കടന്നതായി ബർലിനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് വീലർ ഡ്രോസ്റ്റണ്‍ വെളിപ്പെടുത്തി. മരണനിരക്ക് വർധിക്കാൻ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ, ജർമനി ഭാഗ്യകൊണ്ടു പിടിച്ചു നിന്നു. ചെറുപ്പക്കാർക്ക് ആദ്യം രോഗം ബാധിച്ചു. ഈ ആളുകളിൽ ഭൂരിഭാഗവും നേരിയ രോഗങ്ങൾ അനുഭവിച്ചു.നിലവിലെ മരണ നിരക്ക് 0.4 സാവധാനം 0.8 ശതമാനത്തിലേയ്ക്കു കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

കൊറോണ വൈറസിനെതിരെ രാജ്യത്തു പ്രഖ്യാപിച്ച കടുത്ത നടപടികൾ ഏപ്രിൽ 20 വരെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. ജർമനിയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീവ്രപരിചരണ കിടക്കകൾ നിറയുമെന്നാണ് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്ഫാൻ വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ എല്ലാവരും സംരക്ഷണ മാസ്ക്കുകൾ ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. നിലവിൽ പൊതുജനങ്ങൾ മാസ്ക്കുകൾ ഉപയോഗിക്കാത്ത അവസ്ഥയാണുള്ളത്. ആശുപത്രികളും ഡോക്ടർമാരും മെഡിക്കൽ മെറ്റീരിയലുകൾ കൂടുതലായി കരുതണമെന്നും മന്ത്രി അറിയിച്ചു.

ജർമനിയിലെ ട്യൂബിംഗൻ ആസ്ഥാനമായുള്ള ക്യുറി വാക് എന്ന കന്പനി ജൂണ്‍ മാസത്തോടുകൂടി കൊറോണ വാക്സിൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ടു.

വോൾഫ്സ്ബുർഗിലെ മെഡിക്കൽ കോളജിൽ അത്യാഹിത രോഗികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിലെ ഓൾഡ് ഏജ്ഹോമിൽ തൽക്കാലും പുതിയ പ്രവേശനങ്ങൾ നിർത്തി വയ്ക്കാനും നീഡർസാക്സണ്‍ സംസ്ഥാനം ഉത്തരവായി. കൊറോണബാധയെ പ്രതിരോധിയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ഇന്നുമുതൽ ആരംഭിച്ചു. 9,000 മുതൽ 15,000 വരെ യൂറോയാണ് ഉത്തേജന പാക്കേജ്. അർഹതപ്പെട്ടവർക്ക് അടുത്ത മൂന്നുമാസത്തേയ്ക്കാണ് ഇത് ലഭിക്കുന്നത്.

അതേ സമയം ഓസ്ട്രിയിൽ അണുബാധയുടെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിന്‍റെ ഭാഗമായി സൂപ്പർമാർക്കറ്റുകളിൽ ബുധനാഴ്ച മുതൽ മാസ്കുകൾ നിർബന്ധമാക്കിയിരിക്കുകയാണ്. ഇവിടെ ആകെ 10,019 പേരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മരണം 128 കടന്നു.

റഷ്യയിൽ കഴിഞ്ഞയാഴ്ചയിൽ ഓഫീസുകൾക്ക് എല്ലാംതന്നെ അവധി നൽകിയിരുന്നു. അവിടെ ആകെ എട്ടു മരണം മാത്രമാണ് ഇതുവരെ സംഭവിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1600 ഓളം പേരെയാണ്. പക്ഷെ പുതിയ കേസുകൾ വർദ്ധിച്ചതോടെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്നു മുതൽ പ്രഖ്യാപിച്ചു. രാജ്യം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങാനോ കൂട്ടം കൂടാനോ അനുവാദമില്ലാതായിരിയ്ക്കുകയാണ്.

ഇറ്റലിയിലെ മരണസംഖ്യ വീണ്ടും ഉയർന്നു. ഇതുവരെയായി 11,591 പേരാണ് അവിടെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,01,731 കടന്നു.പുതിയ കേസുകളുടെ കാര്യത്തിൽ അൽപ്പം കുറവുണ്ട്.

സ്പെയിനിൽ ആകെ മരിച്ചത് 8189 പേരാണ്. പുതിയതായി 473 മരണമാണ് ഇവിടെയുണ്ടായിരിയ്ക്കുന്നത്. വൈറസ് കേസുകളുടെ എണ്ണം 94417 കടന്നു. അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്ന പ്രവണത രാജ്യത്ത് തുടരുകയാണ്. 7.4 ശതമാനം എന്ന നിരക്കിലാണ് വെള്ളിയാഴ്ച രോഗബാധ വർധിച്ചത്. വ്യാഴാഴ്ച ഇത് എട്ടു ശതമാനമായിരുന്നു.

ഫ്രാൻസിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 45000 ഓളമെത്തി. ആകെ മരണം 3024 ആണ്.

യുകെയിൽ സ്ഥിതി വീണ്ടും വഷളാവുകയാണ്.പുതിയ കേസുകൾ 2700 ഓളം ആയി. രോഗബാധിതരുടെ എണ്ണം 22,000 കടന്നു. അവിടെ ഒരു 19 കാരി ഉൾപ്പടെ മരണം 1798 കടന്നു. സ്വിറ്റ്സർലണ്ടിൽ ആകെ മരണം 395 ആയി.രോഗബാധിതരുടെ എണ്ണം 17000 ഓളമെത്തി.

ആഗോള തലത്തിൽ 804061 പേർക്ക് രോഗം ബാധിച്ചതായും മരണ സംഖ്യ 39074 ആയും 172 435 പേർ സുഖം പ്രാപിച്ചതായും വെളിപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ