ക്വാറന്‍റൈൻ ജീവിതം അതികഠിനം : ചാൻസലർ ആംഗല മെർക്കൽ
Saturday, April 4, 2020 10:02 PM IST
ബർലിൻ: കോവിഡ് സംശയത്തെ ഹോം ക്വാറന്‍റൈനിൽ രണ്ടാഴ്ചക്കാലത്തെ ഏകാന്തജീവിതം അവസാനിപ്പിച്ച് ജർമൻ ചാൻസലർ ആംഗല മെർക്കൽ പൊതു ജീവിതത്തിലും ഭരണകാര്യങ്ങളിലും വീണ്ടും സജീവമായി.

മൂന്നു ടെസ്റ്റുകളിലും മെർക്കലിന് കോവിഡ്~19 ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചിരുന്നു. മാർച്ച് 20 ന് തന്‍റെ ഹൗസ് ഡോക്ടറെ സന്ദർശിച്ച മെർക്കലിന് ഹൗസ് ഡോക്ടറിന് കോവിഡ് 19 പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെർക്കലും സംശയത്തിന്‍റെ പേരിൽ 14 ദിവസത്തേയ്ക്ക് ക്വാറന്‍റൈനിൽ ആയത്. ബർലിനിലെ സ്വന്തം ഫ്ളാറ്റിൽ തന്നെയായിരുന്നു താമസം.

മാർച്ച് 22 മുതലാണ് മെർക്കൽ കൊറോണ ബാധയ്ക്കെതിരെ സ്വയം പ്രതിരോധം തീർത്ത് ഹോം ക്വാറന്‍റൈൻ തിരഞ്ഞെടുത്തത്. പൊയ്മറഞ്ഞ ഏകാന്തതമായ 14 ദിനങ്ങൾ വീട്ടിലിരുന്ന് ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ജോലി ചെയ്തത് ഒരിയ്ക്കലും എളുപ്പമായിരുന്നില്ല എന്നു വീഡിയോ സന്ദേശത്തിലൂടെ നൽകിയ അവരുടെ വാക്കുകളിൽ ധ്വനിച്ചിരുന്നു. ഇന്‍റർനെറ്റ് വഴിയായി വിരൽത്തുന്പിലും ചുറ്റിലും എല്ലാമുണ്ടെങ്കിലും കൊറോണ ചട്ടങ്ങൾ കാരണം പുറംലോകത്തിൽ നിന്ന് എല്ലാം ഛേദിക്കപ്പെട്ടതുപോലെ ഉൾക്കുക്കൊള്ളാനാവാത്ത ഒരു വികാരം, അതും വ്യക്തിപരമായി ഉണ്ടാവുന്നു. ഇത് അതികഠിനംതന്നെ, വാക്കുകളിൽ പ്രകടമാക്കാൻ സാധിക്കാനും ആവില്ല - മെർക്കൽ പറഞ്ഞു നിർത്തി. 14 ദിവസം കൊണ്ട് എല്ലാം ശുഭകരമായി. ആശാസ്വത്തിന്‍റെ കതിരുകൾ മുഖത്തുതെളിഞ്ഞ മെർക്കൽ കൂട്ടിച്ചേർത്തു.

ഈ വർഷം ഈസ്റ്റർ വളരെ വ്യത്യസ്തമാണ്. നാമെല്ലാവരും മുന്പത്തേക്കാളും തികച്ചും വ്യത്യസ്തമായ ഈസ്റ്ററാണ് ഇത്തവണയുണ്ടാകുന്നത്. പള്ളി സന്ദർശനങ്ങൾ ഈ വർഷം വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ പള്ളികൾ നടപ്പിലാക്കിയ ഡിജിറ്റൽ ഓഫറുകളെക്കുറിച്ച് ഏറെ സന്തോഷമുണ്ട്. ടെലിവിഷൻ, റേഡിയോ, ഓണ്‍ലൈൻ എന്നിവയിലൂടെയുള്ള സേവനങ്ങൾ നിരവധി ആളുകളിലേക്ക് സമീപ ആഴ്ചകളിൽ ബന്ധപ്പെട്ടവർ വളരെ അദ്ഭുതകരമായി കൈകാര്യം ചെയ്യുമെന്നതിൽ സന്തോഷവും നന്ദിയുമുണ്ട് - മെർക്കൽ പറഞ്ഞു.

വൈറസ് വ്യാപനത്തിനെതിരെ സർക്കാർ നടപ്പിലാക്കിയ പ്രതിരോധ നടപടികൾ എപ്പോൾ അവസാനിപ്പിക്കാൻ സാധിയ്ക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നിരുന്നാലും, നടപടികൾ എത്രയും വേഗം കുറയ്ക്കാൻ ഫെഡറൽ സർക്കാരും മേധാവികളും, വ്യക്തിപരമായ തന്‍റെ എല്ലാ കഴിവും ഉപയോഗിച്ച് ചെയ്യുമെന്ന് അവർ ഉറപ്പ് നൽകി. നിലവിൽ പൊതുജീവിതത്തെ നിയന്ത്രിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ഏപ്രിൽ 19 വരെ ബാധകമാണ്.

എല്ലാവരുടെയും ആരോഗ്യവും പരിരക്ഷയുമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ. അതിനായി നിയന്ത്രണങ്ങൾ പാലിയ്ക്കുക തന്നെ വേണം. പടിപടിയായി പൊതുജീവിതം സാധ്യമാക്കുന്ന പുതിയ പ്രക്രിയയും ഉണ്ടാവും. മെർക്കൽ പറഞ്ഞു.

റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കൂടുതൽ പ്രതീക്ഷ നൽകുന്ന സത്യമാണ്. അതിനായി ക്ഷമയോടെ കാത്തിരിയ്ക്കുകയാണ് വേണ്ടത്- മെൽക്കൽ പറഞ്ഞു.


ഡോർട്ട്മുണ്ട് സ്റ്റേഡിയം മെഡിക്കൽ സെന്‍ററായി ഉപയോഗിക്കും

ജർമനിയിലെ ഡോർട്ട്മുണ്ട് നഗരത്തിന് തിലകക്കുറിയായ പ്രശസ്തമായ ബോറൂസിയ ഡോർട്ട്മുണ്ടിന്‍റെ ഹോം ഗ്രൗണ്ട ായ സിഗ്നൽ ഇഡുന പാർക്ക് ഭാഗികമായി മെഡിക്കൽ സെന്‍ററാക്കി മാറ്റുന്നു. ജർമനിയിലെ ഏറ്റവും വലിയ ഈ ഫുട്ബോൾ സ്റ്റേഡിയത്തിൽ കൊറോണവൈറസ് ബാധിതർക്കുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.

ബോറൂസിയ ക്ലബ് അധികൃതർ തന്നെയാണ് തീരുമാനം പുറത്തുവിട്ടത്. സ്റ്റേഡിയത്തിന്‍റെ സാങ്കേതിക മികവും അടിസ്ഥാനസൗകര്യങ്ങളും വിശാലതയും ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ വിട്ടുകൊടുക്കുകയാണെന്നും അധികൃതർ. ക്ലബിന്‍റെ മുഖമുദ്രയായ “യെല്ലോ കളർ” ആണ് ഇതിനായി ഉപയോഗിക്കുന്നത്.

81,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡ് പൂർണമായി ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റിയിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളു. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലു വരെ തുറന്നിരിക്കും.

നിങ്ങൾക്ക് പനിയും ശ്വസന ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് പോകുന്നത് ആദ്യം വിചിത്രമാണ്, പക്ഷേ ഇപ്പോൾ സാഹചര്യം അങ്ങനെയാണ്. സ്റ്റാറ്റ്യൂട്ടറി ഹെൽത്ത് ഇൻഷ്വറൻസ് ഫിസിഷ്യൻസ് ചെയർമാൻ ഡിർക്ക് സ്പെൽമെയർ പറഞ്ഞു.

വൈറസിനെതിരായ പോരാട്ടത്തിൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രധാന യൂറോപ്യൻ സ്റ്റേഡിയമാണ് സിഗ്നൽ ഇഡുന പാർക്ക്, സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡ് അവരുടെ 81,000 സീറ്റുകളുള്ള സാന്‍റിയാഗോ ബെർണബ്യൂവിനെ മെഡിക്കൽ ഉപകരണങ്ങൾ സംഭരിക്കാൻ നൽകിയിരുന്നു.

മാസ്ക് ഉപയോഗം: നിലപാട് മാറ്റി ജർമൻ ഇൻസ്റ്റിറ്റ്യൂട്ട്

രോഗമില്ലാത്തവരും ഫെയ്സ് മാസ്ക് ധരിക്കുന്നത് കൊറോണവൈറസ് ബാധ തടയാൻ സഹായിക്കുമെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട്. രോഗമില്ലാത്തവർ മാസ്ക് ധരിക്കുന്നത് നിരർഥകമാണെന്ന നിലപാടാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ തിരുത്തുന്നത്.

രോഗബാധിതരായ ചിലർക്ക് ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. ഈ സാഹചര്യത്തിലാണ് അസ്വസ്ഥതകളൊന്നുമില്ലാത്തവരും മാസ്ക് ധരിക്കുന്നതു നന്നായിരിക്കും എന്ന നിലപാടിലേക്ക് എത്തിച്ചേരുന്നതെന്നും അധികൃതരുടെ വിശദീകരണം.

മാസ്കുകൾക്ക് ശാരീരിക അകലം പാലിക്കുന്ന കാര്യത്തെക്കുറിച്ച് ഓർമപ്പെടുത്താൻ സാധിക്കുമെന്നും ആരോഗ്യകരമായ സ്വഭാവം ശീലിക്കുന്നതിനു പ്രേരിപ്പിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

വൈറസ് ഷീൽഡിന് പ്രചാരമേറുന്നു

കൊറോണവൈറസിനെതിരേ ലളിതവും ഫലപ്രദവുമെന്ന് വ്യക്തമായിട്ടുള്ള ഗ്ളാസ് സ്ക്രീനുകൾക്ക് ജർമനിയിൽ പ്രചാരമേറുന്നു. സൂപ്പർമാർക്കറ്റുകളിലേക്കും ഫാർമസികളിലേക്കുമാണ് ഇതിപ്പോൾ ഏറ്റവും കൂടുതൽ വാങ്ങുന്നത്.

ക്ലോസ് മുള്ളറുടെ പ്ളെക്സിഗ്ളാസ് ആണ് ഈ ഷീൽഡ് വിപണിയിലിറക്കിയിട്ടുള്ളത്. മുൻപെന്നത്തെക്കാളും ഇതിനിപ്പോൾ കച്ചവടം കൂടുതലാണെന്ന് കണക്കുകളിൽ വ്യക്തമാകുന്നു.

114 വർഷം പഴക്കമുള്ള ചെറുകിട സ്ഥാപനമാണിത്. വിതരണശൃംഖലയ്ക്കു താങ്ങാൻ കഴിയാത്തതു പോലെയാണ് ഇപ്പോൾ ഓർഡറുകളുടെ പ്രവാഹം.

കടയിൽ വരുന്നവരുടെ തുമ്മലിൽനിന്നും ചുമയിൽനിന്നുമൊക്കെ ഉണ്ടാകാവുന്ന അണുബാധയിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുക എന്നതാണ് ഇപ്പോൾ ഇതിന്‍റെ പ്രധാന ദൗത്യം. ഒന്നര മീറ്റർ അകലം പാലിക്കാൻ ബുദ്ധിമുട്ടുള്ള കൗണ്ട റുകളിലും മറ്റും ഇത് ഫലപ്രദമായി ഉപയോഗിക്കാം.

ജർമനിയിൽ കൊറോണവൈറസ് ബാധിച്ചു മരിച്ചുവരുടെ എണ്ണം 1300 പിന്നിട്ടു. അതേസമയം, രോഗവ്യാപനത്തിന്‍റെ വേഗം കുറയ്ക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണുന്നതിന്‍റെ സൂചനകളും വന്നു തുടങ്ങി.

കൊറോണവൈറസ് ബാധിതരുടെ എണ്ണം ശനിയാഴ്ച വരെ 90,000 കടന്നു. 25,000 കൂടുതൽ പേർ രോഗവിമുക്തരായി. മരിക്കുന്നവരുടെ ശരാശരി പ്രായം കണക്കാക്കിയിരിക്കുന്നത് 48 ആണ്. ഇക്കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ബാധിച്ചിട്ടില്ല. ഒരു ശതമാനത്തിൽ താഴെയായിരുന്ന മരണസംഖ്യ 1.2 ശതമാനത്തിലുമെത്തിയിട്ടുണ്ട്.

ജോസ് കുന്പിളുവേലിൽ