ഓസ്ട്രിയയിൽ കൊറോണ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച 3,000 പേർ പിഴയൊടുക്കണം
Tuesday, April 7, 2020 7:30 PM IST
വിയന്ന: ഓസ്ട്രിയയിൽ കൊറോണ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച 3,000 പേർക്കെതിരെ പോലീസ് പിഴയൊടുക്കുവാനായി നോട്ടീസ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാരാന്ത്യത്തിൽ രാജ്യത്ത് നല്ല ചൂടായിരുന്നതിനാൽ പാർക്കിലും പൊതുസ്ഥലങ്ങളിലും വിലക്കും ലംഘിച്ച് ആൾക്കാരെത്തി. ഇവർക്കാണ് 500 യൂറോ മുതൽ 2800 യൂറോ വരെ പിഴ ചുമത്തി പോലീസ് നോട്ടീസ് നൽകിയത്.

ഇതിൽ ഭൂരിഭാഗം പേർക്കും ഒരു മീറ്റർ അകലം പാലിക്കാത്തതിനാണ് ശിക്ഷ നൽകിയത്. ഏറ്റവും കൂടുതൽ ആൾക്കാർ വിലക്ക് ലംഘിച്ചതാകട്ടെ രാജ്യ തലസ്ഥാനമായ വിയന്നയിലുമാണ്. 1200 പേർ. രണ്ടാമത് ടിറോൾ സംസ്ഥാനത്താകട്ടെ 600 പേർക്കും ബുർഗൻ ലാൻഡിൽ 22 പേർക്കും ശിക്ഷ ലഭിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍