ബോറിസ് ജോണ്‍സണ്‍ ഇന്‍റൻസീവിൽ ; ബ്രിട്ടനിൽ വൈറസ് ബാധ മൂന്നിലൊന്നായി കുറഞ്ഞു
Tuesday, April 7, 2020 9:55 PM IST
ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് രോഗലക്ഷണങ്ങൾ കൂടുതൽ ശക്തമായ സാഹചര്യത്തിൽ ലണ്ടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പത്തു ദിവസം മുന്പ് രോഗം സ്ഥിരീകരിച്ച അദ്ദേഹം വീട്ടിൽ തന്നെയാണ് ചികിത്സയിൽ തുടരുകയായിരുന്നു.

രോഗലക്ഷണങ്ങളിൽ കുറവു വരാതിരുന്നതിനെ തുടർന്നു ജോൺസണെ തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലെ ഇന്‍റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്‍റൻസീവ് യൂണിറ്റിൽ സാധാരണ അവശ്യമായ പതിനഞ്ച് ലിറ്റർ ഓക്സിജനു പുറമെ നാല് ലിറ്റർ ഓക്സിജൻ കൂടി നൽകിയാണ് 55 കാരനായ ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിൽ പരിചരിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തിൽ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണ് ഭരണച്ചുമതല.

ബ്രിട്ടനിൽ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞു. 439 പേരാണ് തിങ്കളാഴ്ച മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്.

3802 പേർക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തേതിനെ അപേക്ഷിച്ച് 2000 കുറവാണിത്. മരിച്ചവരിൽ 35 മുതൽ 106 വയസ് വരെ പ്രായമുള്ളവരുണ്ട്. ഇതിൽ പതിനഞ്ച് പേർ മറ്റ് അസുഖങ്ങൾ ഇല്ലാത്തവരുമായിരുന്നു. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി ആകെ 36 പേരാണ് മരിച്ചത്. 626 പേർക്ക് പുതിയതായി രോഗവും റിപ്പോർട്ട് ചെയ്തു.

ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ ബോറിസ് ജോണ്‍സന് സന്ദേശം അയച്ചു

കൊറോണ ബാധിതനായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ അഗ്നിപരീക്ഷയെ വേഗത്തിൽ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ അയച്ച സന്ദേശത്തിൽ പറയുന്നു. "ഈ പ്രയാസകരമായ സമയത്ത് ബോറിസ് ജോണ്‍സണിനും കുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും എന്‍റെ പൂർണ്ണ പിന്തുണ. ഈ അഗ്നിപരീക്ഷയെ അദ്ദേഹം അതിവേഗം മറികടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' മാക്രോണ്‍ ട്വീറ്റ് ചെയ്തു.

മാസ്ക്കുകൾ നിർബന്ധമാക്കി ഫ്രാൻസ്

രാജ്യത്ത് എല്ലാവർക്കും മാസ്ക്കുകൾ നിർബന്ധമാക്കിയതോടെ മതിയായ സ്റ്റോക്കുകൾ ഇല്ലെന്നുള്ള മുറവിളി എല്ലായിടത്തു നിന്നും ഉയർന്നുകഴിഞ്ഞു. എന്നാൽ വേഗം ലഭ്യമാക്കുമെന്ന് അധികാരികൾ അറിയിച്ചു. ഇതിനകം രോഗബാധിതരായ ആളുകൾ, അവരുടെ പരിചരണക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാസ്ക്കുകൾ ധരിക്കേണ്ടതുണ്ടെ ന്ന് സർക്കാർ വ്യക്തമാക്കി. അതോടെ ആളുകൾ പരിഭ്രാന്തിയുടെ നിഴലിലാണ്. ആവശ്യത്തിനു ലഭിക്കില്ല എന്ന കിവദന്തിയും ഉയർന്നതായും റിപ്പോർട്ടുണ്ട്. എല്ലാവർക്കും ഒരുതരം സംരക്ഷണം ഉണ്ടയിരിക്കണം. രണ്ടു ദശലക്ഷം തുണി മാസ്കുകൾ വരും ദിവസങ്ങളിൽ ചെറുകിട ബിസിനസുകളുടെ ഒരു ശൃംഖല വഴി നിർമിക്കുമെന്ന് പാരീസ് മേയറിന്‍റെ ഓഫീസ് അറിയിച്ചു. എന്നാൽ നിലവിലെ ലോക്ക്ഡൗണിന് കീഴിലുള്ള ഒരു പ്രധാന ലോജിസ്റ്റിക് വെല്ലുവിളിയാകുമെന്നും മേയർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ