അയര്‍ലൻഡില്‍ ഗാര്‍ഡ നിയമം കർക്കശമാക്കി, നിയമലംഘകർക്ക് തടവും പിഴയും
Wednesday, April 8, 2020 7:22 PM IST
ഡബ്ലിന്‍ : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി അയര്‍ലൻഡിലെ ഗാര്‍ഡക്ക് കൂടുതല്‍ അധികാരങ്ങള്‍ കൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഏപ്രിൽ ഏഴിനു അര്‍ധ രാത്രിമുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ച് താമസിക്കുന്ന സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അധികം അനാവശ്യമായി ആരെങ്കിലും യാത്ര ചെയ്താൽ അവരെ അറസ്റ്റ് ചെയ്യാനും അത്തരക്കാര്‍ക്ക് 2500 യൂറോ വരെ പിഴയും ആറ് മാസം വരെ ജയില്‍ ശിക്ഷയും ചുമത്തി കേസെടുക്കാനുള്ള അധികാരമാണ് സര്‍ക്കാര്‍ ഗാര്‍ഡക്ക് നല്‍കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവരെയും അറസ്റ്റ് ചെയ്യാനും ഗാര്‍ഡയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടക്കാര്‍ എന്നിവര്‍ക്കെല്ലാം നിയമം ബാധകമാണ്. മതിയായ കാരണമില്ലാതെ യാത്രചെയ്യുന്നവരെ ചോദ്യം ചെയ്യാനും യാത്രാ രേഖകള്‍ ആവശ്യപ്പെടാനും ഗാര്‍ഡയ്ക്ക് അനുവാദം ലഭിച്ചിട്ടുണ്ട്.

വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നവരും സെല്‍ഫ് ഐസൊലേഷന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നവരും നിയമം ലംഘിച്ചുപുറത്തിറങ്ങിയാല്‍ അവരെ തടഞ്ഞു വയ്ക്കാനും ഗാര്‍ഡയ്ക്ക് അധികാരമുണ്ടായിരിക്കും. അത്തരം ഉത്തരവുകള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ നിയമത്തില്‍ ശിപാര്‍ശയുണ്ട്.

ഐറിഷ് റിപ്പബ്ലിക്കിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം അധികാരം ഗാര്‍ഡയ്ക്ക് ലഭിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ്, പ്രധാനമന്ത്രി ലിയോ വരദ്കര്‍, നീതിന്യായ മന്ത്രി ചാര്‍ലി ഫ്‌ലാനഗന്‍, അറ്റോര്‍ണി ജനറല്‍ സീമസ് വോള്‍ഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി അന്തിമ രൂപം നൽകിയതായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഇന്നലെ രാത്രി ഒപ്പു വച്ചു.

ഇന്നു രാവിലെ മുതല്‍ ഗാര്‍ഡ പട്രോളിംഗ് ശക്തമാക്കും. ടൂറിസ്റ്റ് ഹോട്ട് സ്‌പോട്ടുകള്‍,ബീച്ചുകള്‍,പാര്‍ക്കുകള്‍, എന്നിവിടങ്ങളിലും പ്രധാന റോഡുകളിലും ഗാര്‍ഡ റോന്ത് ചുറ്റും.

രണ്ടര ആഴ്ച മുമ്പ് സര്‍ക്കാര്‍ അടിയന്തര നിയമനിര്‍മാണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും മന്ത്രി ആവശ്യമായ ചട്ടങ്ങളില്‍ ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ ഇത് നടപ്പാക്കാന്‍ കഴിഞ്ഞില്ല.അത് കൊണ്ടുതന്നെ ഗാര്‍ഡയ്ക്ക് നിയമം ലംഘിക്കുന്നവരുടെ മേല്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല.

ഈസ്റ്റര്‍ ഹോളി ഡേയും 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില പ്രവചിക്കപ്പെടുന്ന തെളിഞ്ഞ കാലാവസ്ഥയും കൂടുതല്‍ പേരെ നിയമം ലംഘിച്ചു പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് ആരോഗ്യ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരം നല്‍കിയതോടെ നിയമലംഘകരെ കൈയോടെ പിടികൂടാനുള്ള അവസരം ഗാര്‍ഡയ്ക്ക് ലഭിച്ചിരിക്കുകയാണ്.

റിപ്പോർട്ട്: എമി സെബാസ്റ്റ്യൻ