രാജ്യത്ത് സൗജന്യ ഭക്ഷ്യ വിതരണം 6 മാസം നീട്ടണം: സോണിയ
Monday, April 13, 2020 8:03 PM IST
ന്യൂഡല്‍ഹി: രാജ്യത്തു വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങളുടെ ബഫര്‍ സ്റ്റോക്ക് ഉള്ളപ്പോള്‍, കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പാവങ്ങള്‍ കൊടിയ ഭക്ഷ്യ പ്രതിസന്ധി അനുവഭവിക്കുന്നത് കഷ്ടമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി.

ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കു കൂടി സെപ്റ്റംബര്‍ വരെയെങ്കിലും പൂര്‍ണമായും സൗജന്യമായി പത്തു കിലോ ഭക്ഷ്യധാന്യം നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ അയച്ച കത്തില്‍ സോണിയ ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് നല്‍കുന്ന പത്തു കിലോയ്ക്കു പുറമെ അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം കൂടി നല്‍കുന്നതു മൂന്നു മാസത്തേക്കു കൂടി നീട്ടി സെപ്റ്റംബര്‍ വരെയങ്കിലും നല്‍കണം. മഹാമാരിയെ തുടര്‍ന്നു ഭക്ഷ്യപ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും സൗജന്യ അരിയും ഗോതമ്പും നല്‍കേണ്ടത് അനിവാര്യമാണ്. ജനംസഖ്യയില്‍ വര്‍ധനവുള്ളതിനാല്‍ 2011നു ശേഷം ഭക്ഷ്യസുരക്ഷാ നിയമത്തിനു അര്‍ഹതയുള്ളവരുടെ പട്ടികയും സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യവിഹിതവും പുതുക്കണമെന്നും സോണിയ നിര്‍ദേശിച്ചു.

അര്‍ഹരായ ഒട്ടേറെ പേര്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ലോക്ക്ഡൗണ്‍ മൂലം കടുത്ത ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് സോണിയ ഗാന്ധി ഓര്‍മിപ്പിച്ചു.