പ്രതിഷേധങ്ങളിൽ വീർപ്പുമുട്ടി ജർമനി
Tuesday, May 12, 2020 11:41 PM IST
ബർലിൻ: ഒരുകാലത്ത് പ്രതിഷേധങ്ങളുടെ കൊടുമുടി കയറിയ ജർമനി പിന്നീട് സമാധാനത്തിന്‍റെ കഠിനാദ്ധ്വാനത്തിന്‍റെയും പാതയിലൂടെ ലോകത്തിന് മാതൃകയായി ഒരു വൻശക്തിയായി വിരാചിക്കുന്ന ഇക്കാലത്ത് കൊറോണയെന്ന മഹാമാരിയിൽ കാലിടറാതെ യൂറോപ്പിലെ മറ്റുരാജ്യങ്ങൾക്കു പോലും മാതൃകയായി മുന്നേറുന്പോൾ രാജ്യത്തെ വിഘടനശക്തികളുടെ അനവസരത്തിലെ പ്രതിഷേധവും നിയമലംഘനവും അംഗലാ മെർക്കൽ സർക്കാരിന് ഏറെ തലവേദനയാവുകയാണ്.

കൊറോണയുടെ വ്യാപനവും അതിപ്പകർച്ചയും തടയാൻ രാജ്യം ലോക്ഡൗണ്‍ നടപടികൾ സ്വീകരിയ്ക്കാതെ തന്നെ വൈറസിനെ പിടിച്ചു കെട്ടിയ അവസ്ഥയിൽ കൊണ്ടുവരാൻ ശ്രമിയ്ക്കുന്പോഴാണ് സ്വന്തം രാജ്യത്തെ പൗര·ാർ തന്നെ സർക്കാരിനെ വെറുതെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തരലഹളയ്ക്കായി കോപ്പുകൂട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ അനധികൃത പ്രകടനങ്ങൾ എല്ലാംതന്നെ യാതൊരടിസ്ഥാനമില്ലാത്ത വിഷയങ്ങളുയർത്തിയാണ് ചാൻസലർ മെർക്കലിനെയും ആരോഗ്യമന്ത്രി ജെൻസ് സ്ഫാനെയും പരോക്ഷമായി തെരുവിൽ ചോദ്യം ചെയ്യുന്ന രീതി അവലംബിച്ചത്. എന്നാൽ സർക്കാരാവട്ടെ വളരെ സംയമനത്തോടെ പ്രതിഷേധക്കാരെ നേരിട്ടത് പ്രതിഷേധക്കാർക്ക് ഇപ്പോൾ ഇരട്ടി ശക്തി പകർന്നിരിയ്ക്കയാണ്.

നിയന്ത്രണങ്ങൾ പാലിക്കാൻ ജർമൻ ജനതയോട് ചാൻസലറുടെ ആഹ്വാനം

കൊറോണവൈറസ് ബാധ അകറ്റി നിർത്തുന്നതിന് സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാൻ ജനങ്ങൾ തയാറാകണമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ വീണ്ടും ആഹ്വാനം ചെയ്തു.

വാരാന്ത്യത്തിൽ പലരും സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യാതെ ആഘോഷങ്ങളിൽ ഏർപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. സൂപ്പർമാർക്കറ്റുകളിൽ ഫെയ്സ് മാസ്ക് ധരിക്കാതെ വരുന്നവരുടെ എണ്ണം കൂടി വരുന്നതായും സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സ്ററുട്ട്ഗാർട്ടിൽ പതിനായിരം പേരോളം പങ്കെടുത്ത ഒരു റാലിയും ഇതിനിടെ സംഘടിപ്പിക്കപ്പെട്ടു. ബർലിൻ, ഫ്രാങ്ക്ഫർട്ട്, ഡോർട്ട്മുണ്ട് എന്നിവയടക്കം പല പ്രധാന നഗരങ്ങളിലും വൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചതുമൂലം സാമൂഹിക അകലം സംബന്ധിച്ച നിർദേശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്.

ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളിൽ വംശീയതയും വർഗീയതയും കടന്നു കയറുന്നു

ജർമനിയിൽ തുടരുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ വംശീയ, വർഗീയ അജൻഡകൾ ഒളിച്ചു കടത്തുന്നതായി സർക്കാരിനു സൂചന ലഭിച്ചു. പെഗിഡ പോലയുള്ള വലുതപക്ഷ തീവ്ര പാർട്ടികളാണ് ഇതിന്‍റെ സംഘാടകരെന്ന് സർക്കാർ വ്യക്തമാക്കി.

തീവ്ര വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും, വാക്സിൻ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ഇന്‍റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെത്തുടർന്ന് ഇത്തരം പ്രക്ഷോഭങ്ങളുടെ സംഘാടകർക്കു മേൽ കർക്കശ നിരീക്ഷണവും ആരംഭിച്ചു. ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുകയാണ് ഇവരുടെ ലക്ഷ്യം. മൗലിക അവകാശങ്ങളിൽ സർക്കാർ കൈകടത്തിയെന്ന ആക്ഷേപവും അതിനെ പിന്താങ്ങിയുള്ള മുദ്രാവാക്യവും സാധാരണ ജനങ്ങളെ അലോസരപ്പെടുത്തുകയും ഒപ്പം ഭീതി ജനിപ്പിയ്ക്കുകയും ചെയ്യുന്ന അവസ്ഥാന്തരം ഉണ്ടാകരുതെന്ന് ആഗ്രഹിയ്ക്കുന്നവരുമാണ്.

ഫെഡറൽ, സംസ്ഥാന സർക്കാരുകളുടെ കൊറോണ നടപടികൾക്കെതിരായ രാജ്യവ്യാപക പ്രകടനങ്ങൾ ജർമനിയുടെ രാഷ്ട്രീയ നിയന്ത്രണ കേന്ദ്രങ്ങളിൽ അനിശ്ചിതത്വത്തിന് കാരണമാകുന്നമെന്നും റിപ്പോർട്ടുണ്ട്.

കൊറോണ പ്രതിസന്ധിയിൽ സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി 15,000 ത്തോളം ആളുകൾ തെരുവിലിറങ്ങിയിരുന്നു. കൊറോണ ക്ഷീണിതരായ പൗര·ാരും വലതുപക്ഷ തീവ്രവാദികൾ, ഇടതുപക്ഷ ബദലുകൾ, ഗൂഢാലോചന സൈദ്ധാന്തികർ എന്നിവരുടെ അസംസ്കൃത മിശ്രിതവും അക്കൂട്ടത്തിപ്പപ്പെടുന്നുണ്ട്. പ്രകടനക്കാരുടെ എണ്ണം ഇതുവരെ കൈകാര്യം ചെയ്യാനാകുമെങ്കിലും, ഇവരുടെ സന്ദേശങ്ങളുമായി കൊറോണ വിരുദ്ധർ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയെന്നും അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇപ്പോൾ സ്ഥിതിഗതികൾ
ആശങ്കാജനകമാണ്.

എന്തായാലും വരും ദിനങ്ങളിൽ ഇത്തരം തീവ്രവാദത്തിന്‍റെ മുഖങ്ങൾ ഉടച്ച് വേരോടെ പിഴതുമാറ്റണമെന്ന ആവശ്യം ജനാധിപത്യപാർട്ടികൾ എല്ലാംതന്നെ ഒന്നിച്ച് സർക്കാരിന്‍റെ മേശയിൽ എത്തിച്ചിട്ടുണ്ട്്. പക്ഷെ ഇത്തരം വിഘടിത നീക്കങ്ങൾ കൊറോണയേക്കാൾ ഭീകരമെന്നാണ് കൂട്ടുമുന്നണി സർക്കാർ വിലയിരുത്തുന്നത്. മുൻപ് രാജ്യത്തെ ഭരണഘടനാകോടതി ഇക്കാര്യത്തിൽ സർക്കാരിന്‍റെ നിലപാടെന്ത് എന്നു ചോദിച്ചിരുന്നുവെങ്കിലും അന്നു വേണ്ടത്ര നിയമനിർമ്മാണ വിഷയങ്ങൾ കൊണ്ടുവന്നു പ്രാബല്യത്തിലാക്കാതെ പോയത് ഇപ്പോൾ ഒരു തിരിച്ചടിപോലെ സർക്കാരിനെ പിന്തുടരുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ