കുറഞ്ഞ യാത്രാ നിരക്കിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാവുന്നു
Wednesday, May 13, 2020 9:55 PM IST
ന്യൂഡൽഹി: കുറഞ്ഞ യാത്രാ നിരക്കിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാവുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അലയുന്ന മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ നോണ്‍സ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ കേരളാ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സാന്പത്തികമായി വളരെയധികം കഷ്ടത അനുഭവിക്കുന്ന ഇവർക്ക് ഭീമമായ തുക ടിക്കറ്റിനു വേണ്ടി ചിലവഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അനുഭാവപൂർണമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അടിയന്തിരമായി ഉണ്ടാകണമെന്ന് ഡിഎംഎ. പ്രസിഡന്‍റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ എന്നിവർ ഒപ്പുവച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര റയിൽവേ വകുപ്പു മന്ത്രി പീയുഷ് ഗോയലിന് കഴിഞ്ഞയാഴ്ച കത്ത് അയക്കുകയും അതിന്‍റെ പകർപ്പ് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നതായി നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിൽ കുടുങ്ങിപ്പോയ മലയാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുകയും പരിഹാരമായി ഒരു സ്പെഷ്യൽ ട്രെയിൻ ഉടനെ തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻപ്രകാരം നാട്ടിലേക്ക് പോകാൻ ആയിരക്കണക്കിന് മലയാളികൾ നോർക്ക മുഖാന്തിരം പേര് രജിസ്റ്റർ ചെയ്ത് ട്രെയിനിനു വേണ്ടി കാത്തിരിക്കുന്പോഴാണ് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ഏസി ട്രെയിൻ യാത്ര ആരംഭിച്ചത്. നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരുന്ന പലർക്കും രാജധാനിയുടെ നിരക്കിന് തുല്യമായ തുക കൊടുത്ത് റയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യാൻ സാധ്യവുമല്ലാത്ത സാഹചര്യമാണ് നിലവിൽ.

നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവർക്കും, വിദ്യാർഥികൾക്കും, ഗർഭിണികൾക്കും, ചികിത്സ ആവശ്യമായ വയോധികർക്കും മുൻഗണന നൽകിക്കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തിൽ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപെട്ട് കുറഞ്ഞ നിരക്കിൽ നോണ്‍സ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഡൽഹി മലയാളികൾ.

റിപ്പോർട്ട്: പി.എൻ. ഷാജി