ജര്‍മനിയിൽ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
Sunday, May 31, 2020 11:14 AM IST
ബര്‍ലിന്‍: സെമിറ്റിക് വിരുദ്ധ കുറ്റകൃത്യങ്ങളിലും തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മറ്റു കുറ്റകൃത്യങ്ങളിലും രാജ്യത്ത് കഴിഞ്ഞ വര്‍ഷം വര്‍ധന രേഖപ്പെടുത്തിയത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍.

രാഷ്ട്രീയപ്രേരിതമായ 41,000 കുറ്റകൃത്യങ്ങളാണ് 2019ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്വേഷ പ്രസംഗം മുതല്‍ ശാരീരിക ആക്രമണവും കൊലപാതകവും വരെ ഇതില്‍ ഉള്‍പ്പെടുന്നു.

2018 ലേതിനെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളില്‍ 14.2 ശതമാനം വര്‍ധനവാണ് 2019ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കണക്കുകള്‍ സൂക്ഷിച്ചു തുടങ്ങിയ 2001നു ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന വര്‍ധനവുമാണിത്.

ഈ കുറ്റകൃത്യങ്ങളില്‍ തീവ്ര വലതുപക്ഷക്കാര്‍ പ്രതിസ്ഥാനത്തുള്ളവയില്‍ മാത്രം 9.4 ശതമാനത്തിന്‍റെ വര്‍ധനയാണുള്ളത്. രാജ്യത്തെ ആകെ രാഷ്ട്രീയപ്രേരിത അക്രമങ്ങളുടെ പകുതിക്കും മുകളില്‍ വരും ഇത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ