മികച്ച ലോക്ക് ഡൗൺ അപരാതയുമായി യുകെയിൽ നിന്ന് ഒരു മലയാളി കുടുംബം
Monday, June 1, 2020 6:04 PM IST
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ടിക്ക് ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും കൊണ്ട് നിറഞ്ഞതാണ് മലയാളികളുടെ ലോക്ക് ഡൗണ്‍. ഈ ലോക്ക് ഡൗണ്‍ അപരാതകള്‍ക്കിടയില്‍ വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ മലയാളി കുടുംബം. അറിവും വിജ്ഞാനവും പകരുന്ന ഈ വീഡിയോ മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പതിനൊന്നാം ക്ലാസുകാരിയായ സിജിന്‍ ജോസും സഹോദരന്‍ മൂന്നാം ക്ലാസുകാരനായ ജെറിന്‍ ജോസും ചേര്‍ന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

യുകെയിലെ ക്നാനയകരുടെ ഇടയിൽ സുപരിചിതനാണ് ജോസ് ആകാശാലയും കുടുംബവും നിരവധി വർഷങ്ങൾ യുകെസിസി നാഷണൽ കൗൺസിൽ മെമ്പറായിരുന്നു .യുകെസിസി കൺവൻഷനുകളിൽ വിവിധയിനം കലാരൂപങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ച ജോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കൊണ്ട് ശ്രദ്ധ നേടിയിരിക്കുയാണ്

ലോകത്ത് എത്ര ഭൂഖണ്ഡങ്ങള്‍, എത്ര രാജ്യങ്ങള്‍, ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍, ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി, ആദ്യത്തെ കേരള മന്ത്രിസഭ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കൃഷി എവിടെ, കേരളത്തിലെ ഏറ്റവും വലിയ യേശുവിന്‍റെ പ്രതിമ എവിടെ ഇങ്ങനെ ഒരുപക്ഷെ, മുതിര്‍ന്നവര്‍ക്കു പോലും അറിയില്ലാത്ത നിരവധി അറിവുകളാണ് ഈ കുട്ടികള്‍ പങ്കുവയ്ക്കുന്നത്. വിജ്ഞാനം നിറഞ്ഞ ഈ വീഡിയോയിലൂടെ കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും സംസ്‌കാരത്തെയും ഒക്കെ പരാമര്‍ശിച്ചു കടന്നു പോകുന്നു.

ഈ കുട്ടികളുടെ കഠിനമായ ശ്രമത്തിനൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനവും ശ്രദ്ധയും കൂടിചേര്‍ന്നപ്പോഴാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. പതിനൊന്നാം ക്ലാസുകാരിയായ ചേച്ചിയുടെയും കുഞ്ഞനിയന്‍റെ മറുപടിയുമൊക്കെയായാണ് വീഡിയോ മുന്നേറുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കേട്ടിരുന്നാലും യാതൊരു മടുപ്പും തോന്നാത്ത വിധത്തില്‍ അസാധാരണമായ ഒരു അവതരണ ശൈലി കൂടിയാണ് ഈ കുട്ടികള്‍ പങ്കുവയ്ക്കുന്നത്.

സിജിന്‍ ജോസ് തന്നെയാണ് വീഡിയോ എഡിറ്റ് ചെയ്തതും യു ട്യൂബില്‍ വീഡിയോ അപ് ലോഡ് ലോഡ് ചെയ്തതും.

നാട്ടിലെ സാധാരണ കുടുംബജീവിതത്തില്‍നിന്നും യുകെയില്‍ എത്തപ്പെടുന്ന മലയാളികളെ പോലെ തന്നെയാണ് ജോസ് ആകശാലയും ഭാര്യ സിനിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. 2003ലാണ് യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജോസും സിനിയും 2009 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷനുകളിലെ പരിപാടികളില്‍ സജീവ സാന്നിധ്യമാണ്. ആത്മീയ പ്രവർത്തനങ്ങളിലും ഈ കുടുംബം സജീവമാണ്.

കോട്ടയം മുട്ടുച്ചിറയില്‍ നിന്നുള്ള ഈ കുടുംബം സ്റ്റോക് ഓണ്‍ ട്രെന്‍റിലെ ഹാന്‍ഡ്ഫോര്‍ഡിലാണ് താമസിക്കുന്നത്.