വിവരക്കേടിനേക്കാള്‍ അപകടം ധാഷ്ഠ്യം: മോദിയോട് രാഹുല്‍
Monday, June 15, 2020 7:01 PM IST
ന്യൂഡല്‍ഹി: ചങ്ങാത്ത മുതലാളിമാര്‍ക്കു കിട്ടുന്ന സമ്മാനങ്ങള്‍ക്കുള്ള വിലയാണു പെട്രോള്‍, ഡീസല്‍ വിലവര്‍ധനയിലൂടെ ഇന്ത്യയിലെ പാവങ്ങളും മധ്യവരുമാനക്കാരും നല്‍കേണ്ടി വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

'വിവരക്കേടിനേക്കാള്‍ കൂടുതല്‍ അപകടകരമായ ഏകകാര്യം ധാര്‍ഷ്ഠ്യമാണ്' എന്ന് ആര്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ടെന്ന് ലോക്ക്ഡൗണ്‍ പരാജയമായതിനെക്കുറിച്ചും രാഹുല്‍ വിമര്‍ശിച്ചു. ലോകത്ത് മറ്റെല്ലാ രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ അവസാനിച്ചപ്പോള്‍ കോവിഡ് കേസുകള്‍ കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയും സമ്പദ്ഘടന തകരുകയും ചെയ്തുവെന്നു കണക്കുകളോടെ രാഹുല്‍ സമര്‍ഥിച്ചു. ഇന്ത്യയില്‍ സമ്പദ്ഘടനയുടെ തകര്‍ച്ചയും കോവിഡ് മരണനിരക്ക് ഉയരുകയും ചെയ്യുന്നതിന്റെ ആനിമേറ്റഡ് ഗ്രാഫും 'ഫഌറ്റനിംഗ് ദ റോംഗ് കര്‍വ്' എന്ന കുറിപ്പോടെ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു.

യുപിഎ കാലത്ത് ആഗോള അസംസ്‌കൃത എണ്ണവില ബാരലിന് 107.09 ഡോളറായിരുന്നപ്പോള്‍ ഡീസലിന് 55.49 രൂപയും പെട്രോളിന് 71.41 രൂപയുമായിരുന്നുവെന്ന് രാഹുല്‍ കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടി. എന്നാല്‍ എന്‍ഡിഎ ഭരണത്തില്‍ അസംസ്‌കൃത എണ്ണവില ബാരലിന് ഇന്നലെ 76.26 ഡോളറായി താഴ്ന്നു നില്‍ക്കുമ്പോള്‍ രാജ്യത്ത് ഡീസലിന് 74.62 രൂപയും പെട്രോളിന് 76.26 രൂപയുമായി കൂട്ടിയതു മോദിയുടെ സുഹൃത്തുക്കളായ കോര്‍പറേറ്റ് മുതലാളിമാരെ സഹായിക്കാനാണെന്ന് ട്വിറ്ററില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

2014 മേയ് 16ന് ക്രൂഡ് ഒായില്‍ ബാരലിന് 107.09 ഡോളറായിരുന്നു വിലയെന്നും എന്നാല്‍ ഇന്നലെ ഇതിന് 76.26 ഡോളറായിരുന്നുവെന്നും രാഹുലിന്റെ ട്വീറ്റിനോടൊപ്പം നല്‍കിയ മന്‍മോഹന്‍- നരേന്ദ്ര മോദി ചിത്രങ്ങളോടെയുള്ള താരതമ്യ കണക്കില്‍ വിശദീകരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെ അവസാനമായ 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസമാണ് മേയ് 16. കോണ്‍ഗ്രസ് ഗവേഷണ വിഭാഗം തയാറാക്കിയതാണ് രാഹുലിന്‍റെ ട്വീറ്റിനോടൊപ്പമുള്ള സചിത്ര കണക്ക്.

യുപിഎ സര്‍ക്കാര്‍ ഭരണം ഒഴിയുമ്പോള്‍ പോലും പെട്രോള്‍ ലിറ്ററിന് എക്‌സൈസ് തീരുവ 9.20 രൂപയും ഡീസലിന് 3.36 രൂപയും മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.82 രൂപയുമാണ് കേന്ദ്രനികുതി. പെട്രോളിന് 258.47 ശതമാനവും ഡീസലിന് 819.94 ശതമാനവും ആണ് മോദി സര്‍ക്കാര്‍ കേന്ദ്ര നികുതി കൂട്ടിയത്. അസംസ്‌കൃത എണ്ണ വിലയില്‍ യുപിഎയുടെ കാലത്തേതിനേക്കാള്‍ ബാരലിന് 66.43 ഡോളര്‍ ഇപ്പോള്‍ കുറഞ്ഞപ്പോഴാണ് പെട്രോളിന് 4.85 രൂപയും ഡീസലിന് 19.13 രൂപയും കൂട്ടി വില്‍ക്കുന്നതെന്നും രാഹുല്‍ വിശദീകരിച്ചു.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍