സമീക്ഷ സർഗവേദി ഡ്രോയിംഗ് മത്സര വിജയികൾ
Tuesday, June 23, 2020 4:18 PM IST
ലണ്ടൻ: ലോക്ക് ഡൗൺ മൂലം സ്കൂളുകളിൽ പോകാനാവാതെ തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കാനാവാതെ വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥയിലാണ് യുകെയിലെ കുട്ടികൾ. ഇവരുടെ സർഗവാസനകൾ പൊടിതട്ടിയെടുക്കുവാനുള്ള ഒരു അവസരവുമായാണ് സമീക്ഷ യുകെ സർഗവേദി എന്നപേരിൽ വിവിധ മത്സരങ്ങളുമായി എത്തിയത്.

സമീക്ഷ സർഗവേദി നടത്തിയ മത്സരങ്ങളിൽ ആദ്യത്തേതായിരുന്നു ഏപ്രിൽ 20 മുതൽ 26 വരെ നടന്ന ചിത്രരചനാ മത്സരം. മൂന്നു വയസു മുതൽ പതിനെട്ടു വയസുവരെയുള്ള കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നുണ്ടായത്. ഓരോ വിഭാഗത്തിനും ഓരോ വിഷയം ആസ്പദമാക്കി ആയിരുന്നു മത്സരം. കുരുന്നു ചിത്രകലാ പ്രതിഭകളുടെ ഭാവനകൾ പെൻസിൽ ഡ്രോയിംഗിലൂടെ മനോഹരമായാണ് ചിറകുവിരിച്ചത് .

ലഭിച്ച എൻട്രികളിൽ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10 വീതം ചിത്രങ്ങൾ സമീക്ഷ സർഗവേദിയുടെ വിദഗ്ധ സമിതി ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. ഷോർട് ലിസ്റ്റ് ചെയ്ത ഈ ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾ രണ്ടാം റൗണ്ടിൽ തിരഞ്ഞെടുത്തത് ചിത്രകലാരംഗത്തെ പ്രഗത്ഭർ ആയിരുന്നു. അധ്വാന വർഗ സ്ത്രീ പക്ഷ ചിത്രകാരി ശ്രീജ പള്ളം, ടെലിഫിലിം സംവിധായകൻ, മികച്ച ചിത്രകാരൻ, തമിഴ് സിനിമ രംഗത്ത് എഡിറ്റർ എന്ന നിലകളിലെല്ലാം പ്രശസ്തനായ സുജിത്ത് സഹദേവ് എന്നിവരാണ് ഏറെ ശ്രമകരമായ ദൗത്യത്തിന് സമീക്ഷ സർഗവേദിയെ സഹായിച്ചത്.

നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ഈ രണ്ടു ചിത്രകാരും സ്വന്തമായി ചിത്രപ്രദർശനങ്ങളും ചിത്രരചനാ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. കലാസ്നേഹികളായ സാധാരണ ജനത്തിന്‍റെ കൈയ്യൊപ്പോടുകൂടി അന്തിമ വിധിയിൽ ലഭിക്കുന്നതിനായി 10% മാർക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു.

വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ചുവടെ:

സബ് ജൂണിയർ വിഭാഗം:
വിഷയം: പ്രകൃതി എന്‍റെ കണ്ണിലൂടെ
ഒന്നാം സ്ഥാനം: ഡാനിയേൽ ജോൺസൺ
രണ്ടാം സ്ഥാനം: സ്റ്റഫീന മരിയ സാജു
മൂന്നാം സ്ഥാനം : നീഹാര ബിൻഡ്സൺ

ജൂണിയർ വിഭാഗം
വിഷയം : എന്‍റെ കേരളം
ഒന്നാം സ്ഥാനം : ദിയ വർഗീസ്
രണ്ടാം സ്ഥാനം : ആൽഡ്രിന സന്തോഷ്
മൂന്നാം സ്ഥാനം: സായ സിജോ

സീനിയർ വിഭാഗം
വിഷയം: കോവിഡ് പ്രത്യാഘാതങ്ങൾ
ഒന്നാം സ്ഥാനം: ഷരൺ ആഷാ സാജൻ
രണ്ടാം സ്ഥാനം : റോണിയ റോയ് തോമസ്
മൂന്നാം സ്ഥാനം: ആൽഫി ജിൻസൺ

വിജയികൾക്ക് സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിൽ പ്രഗത്ഭരായ വ്യക്തികൾ സമ്മാനങ്ങൾ നൽകുമെന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുരുന്നു പ്രതിഭകൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീക്ഷ സർഗ വേദി ഭാരവാഹികൾ നന്ദി പറഞ്ഞു.

സമീക്ഷ സർഗവേദിയുടെ അടുത്ത മത്സരങ്ങളുടെ വിജയികളെ കണ്ടെത്താൻ നിങ്ങൾക്കും അവസരം. വോട്ടിംഗിനായി തയാറായിക്കൊണ്ടിരിക്കുന്ന മത്സരങ്ങൾക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ വോട്ട് ചെയ്ത്, വരാനിരിക്കുന്ന എല്ലാ കലാകാരേയും പ്രോത്സാഹിപ്പിക്കണമെന്ന് സമീക്ഷ സർഗവേദി യുകെയിലെ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

സമീക്ഷ യുകെയുടെ ഫേസ്ബുക്ക് പേജിന്‍റെ ലിങ്ക് ചുവടെ:

https://www.facebook.com/SMKAUK/

റിപ്പോർട്ട്: ബിജു ഗോപിനാഥ്