സ്പെയ്നിലെ ടൂറിസം മേഖലയ്ക്ക് 4.25 ബില്യൺ യൂറോയുടെ രക്ഷാ പാക്കേജ്
Tuesday, June 23, 2020 8:55 PM IST
മാഡ്രിഡ്: സ്പാനിഷ് ടൂറിസം മേഖലയ്ക്കായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 4.25 ബില്യൺ യൂറോയുടെ സാമ്പത്തിക രക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ഈ സാഹചര്യത്തിലാണ് മേഖലയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക പാക്കേജ് തയാറാക്കിയിരിക്കുന്നത്.

സ്പെയ്ന്‍ ക്വാറന്‍റൈൻ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കിത്തുടങ്ങുകയും വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നു കൊടുക്കുകയും ചെയ്യുന്നതിനിടെയാണ് പാക്കേജ് പ്രഖ്യാപനം.

നാലേകാല്‍ ബില്യൺ യൂറോയില്‍ രണ്ടര ബില്യൺ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ ജാമ്യം പദ്ധതിയില്‍ പറഞ്ഞിരിക്കുന്നതാണ്. ശുചീകരണ, സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി 200 മില്യൺ യൂറോ പ്രത്യേകം അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ