ഓക്സ്ഫോർഡിലെ കൊറോണ വാക്സിൻ ട്രയൽ പരീക്ഷണം ആശങ്കയിൽ
Wednesday, June 24, 2020 7:30 PM IST
ലണ്ടൻ: ഓക്സ്ഫോർഡ് കൊറോണ വാക്സിൻ ട്രയൽ വിജയകരമാണോ എന്നറിയാനുള്ള സാഹചര്യം ബ്രിട്ടനിൽ ഇല്ലാതാകുന്നത് പരീക്ഷണത്തെ ബാധിക്കുമെന്ന് ആശങ്കയുയരുന്നു. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും ശ്രദ്ധയാകർഷിച്ച വാക്സിൻ ട്രയലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഈ വാക്സിൻ ട്രയലിൽ പങ്കെടുക്കുന്നുണ്ട്. 10,260 പേർക്ക് വാക്സിൻ നല്കിയിട്ടുണ്ട്. വാക്സിനേഷനുശേഷം സാധാരണ ജീവിതചര്യകളിലേയ്ക്ക് മടങ്ങിയ വോളണ്ടിയർമാർക്ക് കൊറോണ ഇൻഫക്ഷൻ ഉണ്ടാവുന്നുണ്ടോ എന്നറിയുന്നതുവഴിയാണ് വാക്സിൻ ഫലപ്രദമാണോ എന്നു മനസിലാക്കാൻ കഴിയുകയുള്ളൂ.

എന്നാൽ ബ്രിട്ടനിൽ കൊറോണ ഇൻഫക്ഷൻ നിരക്ക് വളരെയധികം കുറഞ്ഞതിനാൽ അതിനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. ഇൻഫക്ഷൻ നിരക്ക് ഏറ്റവും കൂടിയ സമയത്താണ് ട്രയൽ തുടങ്ങിയത്. എന്നാൽ നിലവിൽ സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതിനാൽ വോളണ്ടിയർമാർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വരാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ടെന്ന് ട്രയലിന് നേതൃത്വം നല്കുന്ന പ്രഫസർ സാറാ ഗിൽബർട്ട് പറഞ്ഞു.

ബ്രിട്ടനിൽ നാലാഴ്ചകൾക്ക് മുൻപ് 500 ൽ ഒരാൾക്ക് എന്ന നിരക്കിൽ വൈറസ് ബാധയുണ്ടായിരുന്നു. ഇത് 1700 ന് ഒന്ന് എന്ന നിരക്കിലേയ്ക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ ഓക്സ്ഫോർഡ് ടീം വാക്സിൻ ട്രയൽ ബ്രസീലിലും നടത്തുന്നുണ്ട്. അവിടെ കൊറോണ ഇൻഫക്ഷൻ നിരക്ക് ബ്രിട്ടനിലേതിനെക്കാളും വളരെ കൂടുതലാണ്. വാക്സിൻ ട്രയലിന്‍റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ ഇതിന്‍റെ ഫലപ്രദമായ നടപ്പാക്കൽ സാധ്യമാകുകയുള്ളൂ. വാക്സിനിലൂടെ പ്രതിരോധശേഷി ലഭിക്കാൻ എത്ര ഡോസുകൾ ആവശ്യമാണ്, കുട്ടികളിലും മുതിർന്നവരിലും ഇത് നല്കുന്ന ഫലങ്ങളിലുള്ള അന്തരം എന്നിവയടക്കമുള്ള കാര്യങ്ങൾ യൂണിവേഴ്സിറ്റി ഇതിലൂടെ പഠന വിധേയമാക്കും. ഇംപീരിയൽ കോളജ് ലണ്ടനും സമാനമായ വാക്സിൻ ട്രയൽ നടത്തുന്നുണ്ട്.

റിപ്പോർട്ട്: ബിനോയ് ജോസഫ്