ഇയു ഉച്ചകോടിക്കായി വിവാഹം മാറ്റിവച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി
Friday, June 26, 2020 9:31 PM IST
കോപ്പൻഹേഗൻ: കൊറോണക്കാലം ആയാലും അല്ലെങ്കിലും ഡെൻമാർക്ക് മിക്കപ്പോഴും വാർത്തകളിൽ നിറയുന്നത് പുതിയ കീഴ്വഴങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്. ഇപ്പോഴിതാ രാജ്യത്തിന്‍റെ പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൻ മൂന്നാം തവണയും അവരുടെ വിവാഹം മാറ്റിവച്ചു. 27 അംഗ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് തന്‍റെ വിവാഹം മാറ്റിവച്ചതെന്നാണ് മെറ്റ് ഫ്രെഡറിക്സെൻ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.

കോവിഡ് 19 ഇയു റിക്കവറി ഫണ്ടിനായുള്ള നിർദേശങ്ങളുടെ ഉച്ചകോടി ബ്രസൽസിൽ ജൂലൈ 17, 18 തീയതികളിലാണ് നടക്കുന്നത്. കൊറോണ വൈറസ് ലോക്ക്ഡൗണുകൾ ഇയു രാജ്യങ്ങൾ നടപ്പിലാക്കിയതിനുശേഷം നേതാക്കൾ പങ്കെടുക്കുന്ന ആദ്യ യോഗമാണിതെന്ന പ്രത്യേകതയും ഉച്ചകോടിക്കുണ്ട്.

42 കാരിയായ മിസ് ഫ്രെഡറിക്സൻ തന്‍റെ പങ്കാളിയായ ബോ ടെങ്ബെർഗിനുമായി ജൂലൈ 18 നാണ് വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തന്‍റെ സ്വന്ത ജീവിതത്തേക്കാളും പ്രാധാന്യം ഡെൻമാർക്കിന്‍റെ രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടുന്നതിനാണ് എന്ന തിരിച്ചറിവാണ് വിവാഹം മൂന്നാം തവണയും മാറ്റിയതെന്നു ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിസന്ധി ബാധിച്ച രാജ്യങ്ങൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയെച്ചൊല്ലി ഡെൻമാർക്ക് ഫണ്ടിനെ എതിർത്തിട്ടുണ്ട്. ഡെൻമാർക്കും സ്വീഡൻ, ഓസ്ട്രിയ, നെതർലാന്‍റ്സ് എന്നിവയും നിർദ്ദിഷ്ട 750 ബില്യണ്‍ ഡോളർ ഫണ്ട് വളരെ വലുതാണെന്നും നൽകിയ പണം ഒടുവിൽ തിരിച്ചടയ്ക്കണമെന്നും നിർബന്ധിക്കുകയാണ്.വൈറസ് റെസ്ക്യൂ പാക്കേജിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ വിയോജിക്കുന്നുണ്ട്.

ഫെയ്സ്ബുക്കിൽ മിസ് ഫ്രെഡറിക്സൻ ഇങ്ങനെ കുറിച്ചു. ഈ അദ്ഭുത പുരുഷനായ ബോ ടെങ്ബെർഗിനെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഉടൻ വിവാഹിതരാകുമെന്നും തന്‍റെ പങ്കാളി ഭാഗ്യവശാൽ വളരെ ക്ഷമയുള്ള ആളാണന്നും അവർ പറഞ്ഞു. ഇപ്പോൾ ബ്രസൽസിലെ കൗണ്‍സിൽ യോഗം കൃത്യമായി ജൂലൈയിൽ നടക്കട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

വിവാഹത്തിന്‍റെ പുതിയ തീയതി മെറ്റ് ഫ്രെഡറിക്സൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019 വേനൽക്കാലത്ത് ഇരുവരും വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പ് കാരണം അന്നും വിവാഹം മാറ്റിവയ്ക്കേണ്ടിവന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ