മെൽബൺ സെന്‍റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്
Saturday, June 27, 2020 7:25 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകർമം വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനൾ ദിനമായ ജൂലൈ മൂന്നിനു (വെള്ളി) മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിർവഹിക്കും.

വൈകുന്നേരം 4.30 നു നടക്കുന്ന ശിലാസ്ഥാപനകർമത്തിൽ വികാരി ജനറാൾ മോണ്‍. ഫ്രാൻസീസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി എലുവത്തിങ്കൽ, കത്തീഡ്രൽ നിർമാണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിക്കും.

ശിലാസ്ഥാപനത്തോടനുബന്ധിച്ചു തയാറാക്കിയിട്ടുള്ള സുവനീറിന്‍റെ പ്രകാശനം വിക്ടോറിയൻ പാർലമെന്‍റ് എംപിയും ഗവണ്‍മെന്‍റ് വിപ്പുമായ ബ്രൗണിയൻ ഹാഫ്പെന്നി എംപി ചടങ്ങിൽ നിർവഹിക്കും. ലുമെയിൻ ബിൽഡേഴ്സ്, ഐഎച്ച്എൻഎ, സെഹിയോൻ ടൂർസ് ആൻഡ് ട്രാവൽസ്, യു ഹോംസ്, സബ്റിനി ഫുഡ്സ്, ഇൻഡ്യാഗേറ്റ് ഗ്രോസറി ഷോപ്പ് എപ്പിംഗ് എന്നിവരാണ് സുവനീറിന്‍റെ സ്പോണ്‍സർമാർ.

സ്വന്തമായി ഒരു ദേവാലയം എന്ന കത്തീഡ്രൽ ഇടവകാംഗങ്ങളുടെ വർഷങ്ങളായുള്ള പ്രാർഥനകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ഏറെ പ്രതീക്ഷകളോടെ ദേവാലയനിർമാണത്തിന് തുടക്കം കുറിക്കുന്നത്. എപ്പിങ്ങിൽ ഹനം ഫ്രീവേക്ക് സമീപം കത്തീഡ്രലിന്‍റെ സ്വന്തമായ രണ്ടേ മുക്കാൽ ഏക്കർ സ്ഥലത്താണ് ദേവാലയവും പാരീഷ് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ഓസ്ട്രേലിയായിലെ പ്രമുഖ കണ്‍സ്ട്രക്ഷൻ ഗ്രൂപ്പായ ലുമെയിൻ ബിൽഡേഴ്സിനാണ് ഇതിന്‍റെ നിർമാണ ചുമതല.

റോമിൽ നടന്ന ചടങ്ങിൽ ഫ്രാൻസീസ് മാർപാപ്പയാണ് കത്തീഡ്രൽ ദേവാലയത്തിന്‍റെ അടിസ്ഥാന ശില വെഞ്ചരിച്ച് മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും സീറോ മലബാർ സഭയിലെ മറ്റു പിതാക്കന്മാരുടെയും സാന്നിധ്യത്തിൽ മാർ ബോസ്കോ പുത്തൂരിനു നൽകിയത്.

മെൽബണ്‍ സീറോ മലബാർ രൂപതയിലെ ഓരോ അംഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടവകകളുടെയും വിശ്വാസകൂട്ടായ്മയുടെയും സ്നേഹഐക്യത്തിന്‍റെയും പ്രതീകവും കേന്ദ്രവുമാണ് കത്തീഡ്രൽ ദേവാലയം. രൂപതകളിൽ കത്തീഡ്രൽ ദേവാലയത്തിനുള്ള പ്രമുഖസ്ഥാനത്തെപ്പറ്റി രണ്ടാം വത്തിക്കാൻ സൂനഹദോസ് നല്കിയ പ്രസ്താവന സൂചിപ്പിച്ചുകൊണ്ട് മാർ‌ ബോസ്കോ പുത്തൂർ രൂപതാംഗങ്ങൾക്കായി നല്കിയ പ്രത്യേക സർക്കുലറിലൂടെ കത്തീഡ്രൽ നിർമാണത്തിനുവേണ്ടി പ്രാർഥിക്കാനും സഹകരിക്കാനും അഭ്യർഥിച്ചു.

ശിലാസ്ഥാപനകർമങ്ങൾക്കുശേഷം വൈകുന്നേരം 7 ന് മാർ തോമാശ്ലീഹായുടെ ദുക്റാന തി ന്നാളിനോടനുബന്ധിച്ച് റിസർവോ സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിൽ അർപ്പിക്കുന്ന റാസ കുർബാനയിൽ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും.
ശിലാസ്ഥാപനകർമത്തിന്‍റെയും തുടർന്നു നടക്കുന്ന റാസകുർബാനയുടെയും തൽസമയ സംപ്രേഷണം കത്തീഡ്രൽ ഇടവകയുടെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭിക്കും ശിലാസ്ഥാപനകർമത്തിലും റാസ കുർബാനയിലും ഓണ്‍ലൈനിലൂടെ പങ്കെടുത്തുകൊണ്ട് കത്തീഡ്രൽ ദേവാലയ നിർമാണത്തിനുവേണ്ടി പ്രാർഥിക്കുവാനും സഹകരിക്കാനും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ വിശ്വാസികളോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ