വെനെറ്റോയില്‍ ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്ക് ആയിരം യൂറോ പിഴ
Tuesday, July 7, 2020 9:14 PM IST
റോം: ഇറ്റലിയിലെ വെനെറ്റോയില്‍ ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആയിരം യൂറോ പിഴ ചുമത്താന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. മേഖലയില്‍ വീണ്ടും കൊറോണവൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

വിദേശത്തുനിന്ന് വന്ന ശേഷം വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച ആളില്‍നിന്നാണ് ഇവിടെ നിരവധി പേരിലേക്ക് രോഗം പടര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പോലും ക്വാറന്‍റൈന്‍ ലംഘിച്ചാല്‍ ആയിരം യൂറോ പിഴ ചുമത്താനാണ് തീരുമാനം. ഐസൊലേഷനിലുള്ള ആരെങ്കിലും ജോലിക്കു ഹാജരായാല്‍ തൊഴിലുടമ ഓഫീസിലുള്ള ഓരോരുത്തര്‍ക്കും ആയിരം യൂറോ വീതം കണക്കാക്കി പിഴയൊടുക്കണം.

കോവിഡ് പോസിറ്റീവായശേഷവും ഐസൊലേഷനില്‍ പോകാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരേ പോലീസിനു ക്രിമിനല്‍ കേസെടുക്കാനും അധികാരമുണ്ടായിരിക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ