ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു
Wednesday, July 22, 2020 8:19 PM IST
ലണ്ടൻ: ജ്വാല ഇ-മാഗസിൻ വീണ്ടും വായനക്കാരിലേക്ക് എത്തുകയായി. പതിവുപോലെ വായനക്കാരുടെ പ്രിയ എഴുത്തുകാരുടെ കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ജൂലൈ ലക്കവും. കോവിഡ് എന്ന മഹാമാരി എത്രമാത്രം മനുഷ്യരുടെ ചിന്തകളെയും ജീവിതക്രമത്തെയും മാറ്റുമെന്ന് എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നു.

ഓരോ മനുഷ്യനും സ്വന്തം ആരോഗ്യത്തെയും സ്വന്തം സുഖത്തെയും കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ ആരോഗ്യവും സുഖവും കൂടി ബന്ധപ്പെട്ടാണ് തങ്ങളുടെ ജീവിത സന്തോഷമെന്ന വലിയ ഒരു ചിന്തയാണ് മാനവ ലോകത്തിന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് തുടരുന്നു.

മലയാള സാഹിത്യത്തിലെ കലാപകാരിയായ എഴുത്തുകാരൻ പൊൻകുന്നം വർക്കിയെ അനുസ്മരിച്ചുകൊണ്ട് ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ ശബ്‌ദിച്ചുകൊണ്ടേയിരിക്കും ആ കലപ്പ എന്ന ലേഖനം ആ മഹാനായ എഴുത്തുകാരന്‍റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. വായക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ജോർജ് അറങ്ങാശേരി തന്റെ മുംബൈ ജീവിതത്തിലെ ചില അനുഭവങ്ങളും ചിന്തകളും മനോഹരമായി വിവരിക്കുന്നു "എല്ലാം മാറുകയാണ്" എന്ന അധ്യായത്തിൽ.

പ്രമുഖ മലയാള സാഹിത്യകാരൻ ഒ.വി. വിജയന്‍റെ ഇഷ്ടഗാനമായ അറബിക്കടലൊരു മണവാളൻ എന്ന ഗാനത്തിന്‍റെ പിറവിയെക്കുറിച്ചു വിവരിക്കുന്നു രവി മേനോൻ തന്റെ ലേഖനത്തിൽ. യുകെ യിൽ താമസിക്കുന്ന റോസിനാ പീറ്റി എഴുതിയ "മണ്ണ് മധുരിക്കുമ്പോൾ" എന്ന ലേഖനത്തിൽ മനുഷ്യ ജീവിതത്തെ അടുത്തറിയാൻ എഴുത്തുകാരി ശ്രമിക്കുന്നു.

വായനക്കാരെ എന്നും ആകർഷിക്കുന്ന ജ്വാല ഇ മാഗസിന്‍റെ ഈ ലക്കത്തെ കഥകളിൽ പ്രമുഖ എഴുത്തുകാരി മേദിനി കൃഷ്‌ണൻ എഴുതിയ 'ഭ്രാന്തത്തി അമ്മാളു', സുനിൽ പാഴൂപറമ്പിൽ മത്തായിയുടെ 'നിറങ്ങളുടെ രാജകുമാരൻ', സജിത അനിൽ രചിച്ച 'മുത്തശ്ശി' യും കവിത വിഭാഗത്തിൽ പ്രബോധ് ഗംഗോത്രിയുടെ 'അങ്കമൊരുക്കുന്നതാർക്ക്‌ വേണ്ടി', രാജു കാഞ്ഞിരങാട് എഴുതിയ "കാലം", സിനി ശിവൻ എഴുതിയ 'വിരഹ പീഡിതൻ' എന്നീ കവിതകളും അടങ്ങിയിരിക്കുന്നു.