അഭയാര്‍ഥി കപ്പല്‍ തടഞ്ഞ സാല്‍വീനിയെ വിചാരണ ചെയ്യും
Saturday, August 1, 2020 9:05 PM IST
റോം: ഇറ്റലിയുടെ മുന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വീനിയെ വിചാരണ ചെയ്യാന്‍ സെനറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. നൂറിലേറെ അഭയാര്‍ഥികളുമായി വന്ന കപ്പല്‍ ഇറ്റാലിയന്‍ തീരത്ത് അടുക്കുന്നതിന് അനുമതി നിഷേധിച്ചതാണ് കാരണം.

സ്പാനിഷ് റെസ്ക്യൂ ഷിപ്പായ ഓപ്പണ്‍ ആംസ് കടലില്‍ നിന്നു രക്ഷപെടുത്തിയ അഭയാര്‍ഥികളെയാണ് സാല്‍വീനി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ പത്തൊമ്പതു ദിവസം കടലില്‍ തടഞ്ഞു വച്ചത്. ഇത് അനധികൃത തടഞ്ഞു വയ്ക്കലാണെന്നും 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. സമാനമായ മറ്റൊരു കേസില്‍ തീവ്ര വലതുപക്ഷ നേതാവ് ഇതിനകം വിചാരണ നേരിട്ടു തുടങ്ങിയിട്ടുണ്ട്.

വിചാരണ ചെയ്യാനുള്ള നിര്‍ദേശത്തെ അനുകൂലിച്ച് സെനറ്റില്‍ 149 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 141 പേര്‍ എതിര്‍ത്തു. അനധികൃത കുടിയേറ്റക്കാരെ ഇറ്റലിയുടെ മണ്ണില്‍ കടക്കാന്‍ അനുവദിക്കരുത് എന്നുള്ളത് അന്നത്തെ സര്‍ക്കാര്‍ നയമായിരുന്നു എന്നാണ് സാല്‍വീനിയുടെ വിശദീകരണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍