ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് തുടക്കം
Monday, August 10, 2020 10:02 PM IST
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലെത്തുന്ന വിമാന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്ക് സുഗമമായ തുടക്കം. കാത്തിരിപ്പു സമയം അനിയന്ത്രിതമായി നീളുന്നില്ല എന്നതു തന്നെയാണ് യാത്രക്കാര്‍ക്ക് ഏറ്റവും വലിയ ആശ്വാസം. ആവശ്യത്തിന് ടെസ്റ്റ് കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

കോവിഡ് രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലെത്തുന്നവര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. റൊമാനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളെയും പുതിയതായി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടിലെ ടെസ്റ്റിംഗ് ബൂത്തുകളിലുള്ള ആരോഗ്യ പ്രവര്‍ത്തകരും ടെസ്റ്റുകളുടെ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. ഹാംബര്‍ഗില്‍നിന്നും സമാനമായ റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

വിമാനത്തില്‍ വന്നിറങ്ങിയ ഉടന്‍ എയര്‍പോര്‍ട്ടുകളില്‍ തന്നെ ടെസ്റ്റ് ചെയ്യാനാണ് നിര്‍ദേശിക്കുന്നതെങ്കിലും രാജ്യത്തെത്തി മൂന്നു ദിവസത്തിനുള്ളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ടെസ്റ്റ് നടത്താനും സൗകര്യമുണ്ട്. ഇതു പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊടുക്കുന്നതും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ