ഡിഎംഎ വെർച്വൽ കലാസന്ധ്യ "ഉത്രാടപ്പൂനിലാവ് ' ഓഗസ്റ്റ് 30 ന്
Friday, August 28, 2020 9:05 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയും വിവിധ ശാഖകളും സംയുക്തമായി തിരുവോണത്തോടനുബന്ധിച്ചു വെർച്വൽ കലാസന്ധ്യ ഒരുക്കുന്നു. ഓഗസ്റ്റ് 30 നു (ഞായർ) വൈകുന്നേരം 5 മുതൽ സൂം മാധ്യമത്തിലൂടെയാണ് കലാപരിപാടികൾ വീടുകളിൽ എത്തിക്കുന്നത്.

ആർ കെ പുരം, വികാസ്‌പുരി-ഹസ്‌ത്സാൽ, ദിൽഷാദ് കോളനി, കാൽക്കാജി, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, അംബേദ്‌കർ നഗർ-പുഷ്‌പ വിഹാർ, മയൂർ വിഹാർ ഫേസ്-3, പശ്ചിം വിഹാർ, വസുന്ധരാ എൻക്ലേവ്, ദ്വാരകാ, ലാജ് പത് നഗർ, ബദർപ്പൂർ എന്നീ ഡിഎംഎ ശാഖകൾ പരിപാടികൾ അവതരിപ്പിക്കും.

രംഗ പൂജ, കൈകൊട്ടിക്കളി, സെമി ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഓണപ്പാട്ടുകൾ, സിനിമ ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ തുടങ്ങി രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന കലാസായാഹ്നമാണ് ഡൽഹി മലയാളി അസോസിയേഷനും മലബാർ മാനുവൽ ജുവല്ലേഴ്‌സും ചേർന്ന് അവതരിപ്പിക്കുന്നത്.

ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റും ജനറൽ കൺവീനറുമായ മണികണ്ഠൻ കെ.വി., ജോയിന്‍റ് ട്രഷററും കൺവീനനറുമായ പി.എൻ. ഷാജി, ദിൽഷാദ് കോളനി ചെയർമാനും പ്രോഗ്രാം കൺവീനറുമായ അജി കുമാർ മേടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടികളുടെ ഓൺലൈൻ നിയന്ത്രണവും ഏകോപനവും വി.ആർ. രതീഷ് നടത്തും.

ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരം പേർക്ക് ഒരേ സമയം അണിചേരുവാൻ സാധിക്കുന്ന പ്ലാറ്റ് ഫോമാണ് സൂമിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്‌. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന പരിപാടികൾ യു-ട്യൂബ് മുഖാന്തരവും തത്സമയം കാണാനുള്ള സംവിധാനം ഡിഎംഎ ഒരുക്കിയിട്ടുണ്ട്.