ജര്‍മനിയില്‍ പെറ്റമ്മ അഞ്ച് കുട്ടികളെ കൊലപ്പെടുത്തി
Friday, September 4, 2020 9:41 PM IST
ബര്‍ലിന്‍:പടിഞ്ഞാറന്‍ ജര്‍മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തെ ഡ്യൂസല്‍ഡോര്‍ഫിന് നഗരത്തിനു സമീപമുള്ള ഒരു ഫ്ളാറ്റില്‍ അഞ്ച് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോളിംഗെന്‍ നഗരത്തിലെ ഹാസെല്‍ഡെല്‍ പ്രദേശത്തെ ഒരു സ്വകാര്യ അപ്പാര്‍ട്ട്മെന്‍റിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവരെ സ്വന്തം അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജര്‍മനിയെ ഞടുക്കിയ സംഭവം ഉണ്ടായത്. ഒന്ന്, രണ്ട്, മൂന്ന്, ആറ്, എട്ട് എന്നീ പ്രായമുള്ള കുട്ടികളെയാണ് പെറ്റമ്മ വകവരുത്തിയത്. അവരില്‍ മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംഭവം നടത്തിയശേഷം 27 കാരിയായ അമ്മ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവർ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

പ്രതിയായ യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടികളുടെ മുത്തശിയാണ് മകള്‍ തന്‍റെ അഞ്ച് മക്കളെ കൊന്നിട്ടുണ്ടെന്നും സ്വയം ചാകാനുള്ള ഉദ്ദേശ്യത്തോടെ മറ്റൊരു കുട്ടിയുമായി ഒളിച്ചോടിയതായും പോലീസിനെ അറിയിച്ചത്.

സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വക്താവ് സ്റ്റെഫാന്‍ വിയാന്‍ഡ് പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതായി നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയന്‍ ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റ്യൂള്‍ പറഞ്ഞു. പോലീസ് ഫോറന്‍സിക് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ