ദീർഘ ദൂര ട്രെയിനുകളുടെ സമയ മാറ്റവും സ്റ്റോപ്പുകളുടെ എണ്ണം കുറക്കലും: ഡിഎംഎ നിവേദനം നൽകി
Friday, September 11, 2020 6:54 PM IST
ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളുടെ കേരളത്തിലെ സ്റ്റോപ്പുകളുടെ എണ്ണം വെട്ടികുറയ്ക്കാനും ഡൽഹിയിൽ നിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നതിലും പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർക്കും കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനും ഡൽഹി മലയാളി അസോസിയേഷൻ വീണ്ടും നിവേദനം നൽകി.

റെയിൽവേയെ ആശ്രയിച്ചു കഴിയുന്ന കേരളീയരോടും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളോടും ചെയ്യുന്ന ക്രൂരതയാവും ട്രെയിനുകളുടെ സമയ മാറ്റത്തിലൂടെ കേന്ദ്ര റെയിൽവേ മന്ത്രാലയം ചെയ്യാൻ പോകുന്നതെന്ന് ഡിഎംഎ. പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിനു ഡൽഹി മലയാളി അസോസിയേഷൻ നേരത്തെ നിവേദനം നൽകിയിരുന്നു. ദീർഘ ദൂര ട്രെയിനുകളുടെ കേരളത്തിലെ സ്റ്റോപ്പുകൾ നിർത്തലാക്കരുതെന്നും ഡൽഹിയിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയം പഴയപടി തുടരണമെന്നും നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരുന്നു.

ദീർഘദൂര ട്രെയിനുകളുടെ കേരളത്തിലെ പല സ്റ്റോപ്പുകളും നിർത്തലാക്കുവാനുള്ള മന്ത്രാലയത്തിന്‍റെ തീരുമാനം റദ്ദാക്കുക, ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താതിരിക്കുക, പഴയ ബോഗികൾ മാറ്റി പുതിയവ സ്ഥാപിക്കുക, ട്രെയിനുകളിലെ ശുചിത്വവും ഭക്ഷണങ്ങളുടെ ഗുണ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും നിരീക്ഷണ വിധേയമാക്കുക തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണയും നിവേദനത്തിലൂടെ ഡിഎംഎ ആവശ്യപ്പെടുന്നത്.

കേരളത്തോടു കാട്ടുന്ന അവഗണനക്കെതിരെ പാർലമെന്‍റിൽ വിഷയം അവതരിപ്പിക്കണമെന്നും ഡൽഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കുവാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി സി. ചന്ദ്രനും നിവേദനത്തിലൂടെ എംപിമാരോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി