ഫാ.ജോൺ മേനോങ്കരി സിഎംഐ, ഒന്നര പതിറ്റാണ്ട് നീണ്ട അജപാലന സേവനത്തിനു ശേഷം നാട്ടിലേക്ക്
Friday, September 25, 2020 9:18 PM IST
വെംബ്ലി: യുകെയിൽ രണ്ടാം മലയാളി കുടിയേറ്റത്തിന്‍റെ ആദ്യകാലഘട്ടത്തിൽ ആത്മീയ അജപാലന ശുശ്രൂഷകൾക്കായി വെസ്റ്റ്മിൻസ്റ്റർ കത്തോലിക്കാ അതിരൂപതയുടെ ക്ഷണപ്രകാരം ലണ്ടനിൽ എത്തുകയും ഉത്തുംഗ അജപാലന ശുശ്രൂഷകൾക്കുള്ള അംഗീകാരമായി സിഎംഐ കോൺഗ്രിഗേഷനുവേണ്ടി യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹത്തിന്‍റെ ഇടവക ആസ്ഥാനമായ വെംബ്ലി സെന്‍റ് ജോസഫ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിലെ ഒന്നര പതിറ്റാണ്ടിന്‍റെ നിസ്തുല സേവനത്തിനുശേഷം ഫാ. ജോൺ മേനോങ്കരി വിശ്രമത്തിനായി കേരളത്തിലേക്ക് മടങ്ങുന്നു.

സിഎംഐ , സിഎംസി സഭാ സമൂഹങ്ങളുടെ ആരംഭം കുറിക്കുകയും കേരളത്തിന്‍റെ സാമൂഹ്യ-വിദ്യഭ്യാസ-വ്യവസായ-ആല്മീയ-സാംസ്കാരിക മേഖലകളിൽ ജാതി-മത-വർണ വ്യവസ്ഥിതിയുടെ വിവേചനങ്ങളില്ലാതെ സേവനോൽമുഖനും, കർമനിരതനും സുറിയാനി കത്തോലിക്കാ സഭയുടെ ദൈവീക വരദാനവുമായ ആല്മീയ ശ്രേഷ്‌ഠൻ വിശുദ്ധ ചവറ കുരിയാക്കോസ് ഏലിയാച്ചന്‍റെ പിൻഗാമി എന്ന നിലയിൽ പിതാവിന്‍റെ രൂപം വെംബ്ലിയിൽ കർദിനാൾ മാർ വിൻസെന്‍റ് നിക്കോളാസിന്‍റെ കാർമികത്വത്തിൽ പ്രതിഷ്ഠിക്കുകയും പ്രത്യേക മധ്യസ്ഥ പ്രാർഥനക്കു അവസരം ഒരുക്കുകയും സ്റ്റീവനേജ് അടക്കം വിവിധ കേന്ദ്രങ്ങളിൽ സീറോ മലബാർ കുർബാനകൾക്കു തുടക്കം കുറിക്കുകയും ചെയ്ത ഫാ ജോൺ വിടപറയുന്നത് കത്തോലിക്കാ സമൂഹത്തിനു വിശ്വാസ മേഖലകളിൽ ഏറെ അഭിമാനകരമായ കയ്യൊപ്പുകൾ ചാർത്തിയാണ്.

ഇംഗ്ലണ്ട് ആൻഡ് വെയിൽസിന്‍റെ കത്തോലിക്കാ സമിതിയുടെ അമരക്കാരനായ കർദിനാൾ മാർ വിൻസെന്‍റ് നിക്കോളാസിന്‍റെയും വിവിധ മെത്രാന്മാരുടെയും വിശ്വാസ സ്നേഹ വായ്പുകൾ കുറഞ്ഞ സമയത്തിനിടയിൽ ആർജിച്ച മേനോങ്കരി അച്ചൻ അജപാലന ശുശ്രൂഷകരിൽ വിശ്വാസി സമൂഹത്തിനിടയിൽ ചരിത്ര പ്രതിഷ്‌ഠ നേടിയ ശേഷമാണ് മടങ്ങിപ്പോകുന്നത്. വിശ്വാസി സമൂഹത്തോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും പരിലാളനയും സഹായവും ഏറെ ആകർഷകമാണ്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഇംഗ്ലണ്ടിൽ കർദിനാൾ ഒരു വൈദികന്‍റെ ഇഷ്‌ടത്തിനു റിട്ടയർമെന്‍റ് സമയം സ്വയം നിശ്ചയിക്കുവാൻ വിട്ടു കൊടുത്തതും അത് നേർ സാക്ഷ്യം കുറിക്കുക വെംബ്ലി ഇടവകയേയും ദേവാലയത്തെയും വളർത്തിയെടുത്ത ആല്മീയ-ആദ്ധ്യാൽമിക വിജയ ഗാഥയുടെ അംഗീകാരമായിട്ടാവും എന്ന് തീർച്ച.

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹത്തിന്‍റെ വിശ്വാസോർജം നഷ്‌ടപ്പെട്ടിരുന്നിടത്തുനിന്നു വിശ്വാസം വളർത്തി സമൂഹത്തെ വലിയ തോതിൽ തിരികെ ആകർഷിക്കുകയും ഏതു സമയത്തും വന്നു പ്രാർഥിക്കുന്നതിനും അവർക്കു ഒത്തുകൂടുന്നതിനായി ഹാളുകളൂം സൗകര്യങ്ങളും ഒരുക്കിയതും എടുത്തു പറയേണ്ട സംഭാവനകൾ തന്നെ. കാലക്രമേണ, വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നും വിഭാഗങ്ങളിൽ നിന്നുമുള്ള ഇടവകക്കാരുടെ എണ്ണത്തിൽ വലിയ വളർച്ചയും വിവിധ ന്യുന പക്ഷങ്ങളുടെ ഇടയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, 4 വിവിധങ്ങളായ സമൂഹങ്ങളുടെ ചാപ്ലെയിൻസികൾക്കായി പതിവായി പ്രതിമാസ കുർബാനക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത അച്ചൻ, സഭയുടെ വിശ്വാസ വളർച്ചയിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചു പോന്നത്.

വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതലായി ശക്തിപ്പെടുത്തുകയും ദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പ്രചോദനാത്മക നേതൃത്വം ഫാ. ജോണിനെ ശ്രദ്ധേയനാക്കി.

ഫാ. ജോൺ മേനോൻകരി താൻ ചാർജ്ജ് ഏറ്റെടുത്ത കാലത്ത് പാരിഷ് സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടിരിക്കെ അന്ന് തന്നോട് അക്കാര്യം അറിയിക്കുവാൻ വന്ന ഫിനാൻഷ്യൽ കമ്മിറ്റിയോട് പുഞ്ചിരിച്ചുകൊണ്ട് “ദൈവം നൽകും!” എന്ന് പറഞ്ഞ കാര്യം ഓർമിപ്പിച്ച ഒരു ഇടവക പ്രതിനിധി ഇന്ന് ഏറെ വികസനങ്ങൾ നടത്തുവാനും സാമ്പത്തികമായി നന്നായി രൂപതയെ സഹായിക്കുവാൻ കഴിയുന്ന ഒരു ഇടവകയാക്കി ജോണച്ചൻറെ നേതൃത്വത്തിൽ വിഭാവനം ചെയ്ത വിവിധ പദ്ധതികളിലൂടെ വളർത്തിയെടുത്ത ചരിത്രം അനുസ്മരിച്ചു.

ഫാ. ജോൺ വിവിധ ഗ്രൂപ്പുകളിലെ സന്നദ്ധപ്രവർത്തകരെ കൂട്ടിക്കൊണ്ടു ഇടവകയുടെ പ്രവർത്തനങ്ങൾ സജീവമാക്കുവാൻ നടത്തിയ മാതൃകാപരമായ ശ്രമങ്ങൾ വലിയ വിജയമാണ് കണ്ടത്. വളർന്നുവരുന്ന ഇടവകക്കാർക്ക് ദേവാലയത്തോടനുബന്ധിച്ചു അനിവാര്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും മേനോൻകരി അച്ചൻ ശ്രദ്ധാലുവായിരുന്നു.

ജോണച്ചൻ രൂപം കൊടുത്ത് വളർത്തിയ ദേവാലയ ശുശ്രുഷകളുടെ ഭാഗമായ ജെ ആൻഡ് പി ഗ്രൂപ്പ്, മദർ അസോസിയേഷൻ, ചർച്ച് ലീനിംഗ് ടീം, ജൂണിയർ യൂത്ത് ഗ്രൂപ്പ്, പാരീഷ് വോളണ്ടിയർ ടീം എന്നിവയുടെ പ്രവർത്തനങ്ങൾ അസൂയാവഹമാണ്‌ . വാർ‌ഷിക നോമ്പുകാലത്ത് പ്രതിമാസ യൂക്കറിസ്റ്റിക് ആരാധനയും അദ്ദേഹം തുടങ്ങിവച്ചു.

ആദ്യത്തെ വിശുദ്ധ കൂട്ടായ്മയായ കുട്ടികളുടെ ആരാധനാക്രമത്തിനായി ഒരുങ്ങുന്ന കുട്ടികൾക്ക് സൗകര്യപ്രദമായി ഇരിക്കാനും ഇടവക ഗ്രൂപ്പ് മീറ്റിംഗുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി അച്ചൻ നിർമിച്ച 'മരിയൻ സെന്‍റർ' ഏറെ സഹായകരമാവുന്നുണ്ട്. ദേവാലയം പുതുക്കി പണിതു ഇന്നൊരു ഒരു ലിസ്റ്റഡ് ബിൽഡിങ്ങായി മാറിയതും അച്ചന്‍റെ ചരിത്ര സേവനങ്ങളിൽ പെടും. മരിയൻ സെന്‍ററിലേക്കും പാസ്റ്ററൽ സെന്‍ററിലേക്കും കൂടി ബന്ധപ്പെടുത്തി ചെയ്ത ഓഡിയോ / വീഡിയോ സൗകര്യങ്ങൾ ദേവാലയങ്ങൾക്കാവശ്യമായ ഏറ്റവും മികച്ച സംവിധാനമാണ് നൽകുന്നത്.

ചങ്ങനാശേരി അതിരൂപതയിൽ ഐക്കരചിറ ഇടവകയിൽ മേനോൻകരി വീട്ടിൽ 1941ജുലൈ 5 നു ജനിച്ച ഫാ. ജോൺ, സിഎംഐ കോൺഗ്രിഗേഷനിൽ 1968 മേയ് 19 നു പൗരോഹിത്യ വ്രതം സ്വീകരിച്ചു. പിൽക്കാലത്തു സഭയുടെ പ്രിയോർ ജനറൽ പദവി വരെ ഉയർന്ന അച്ചൻ അമേരിക്കയിൽനിന്ന് എംബിഎ ബിരുദവും പിന്നീട് ഡോക്ടറേറ്റും കരസ്ഥമാക്കി.

സഭ ഏല്പ്പിച്ച വിവിധങ്ങളായ ഉത്തരവാദിത്വങ്ങൾ സ്തുത്യർഹമായി നിർവഹിക്കവെ ലണ്ടനിലേക്ക് പുതിയ ദൗത്യവുമായി നിയോഗിച്ചപ്പോൾ വൈദികന്‍റെ ആകസ്മിക അഭാവത്തിൽ ഇംഗ്ലണ്ടിലെ സ്റ്റീവനേജിൽ ആദ്യ അജപാലന ശുശ്രുഷ തുടങ്ങി. തത്സമയം സ്റ്റീവനേജിൽ മലയാളം കുർബാനക്കും തുടക്കമിട്ടു. പിന്നീട് ലണ്ടനടുത്തു മറ്റൊരു ദേവാലയത്തിൽ കുറഞ്ഞ കാലത്തെ ശുശ്രൂഷക്ക് ശേഷം ലണ്ടനിലെ വെംബ്ലിയിലേക്ക് നിയോഗിച്ച അച്ചൻ അവിടെ പള്ളിയെ തന്‍റേതാക്കി മാറ്റിയെന്നോ സമൂഹം അച്ചനെ അവരുടേതാക്കി മാറ്റിയെന്നോ പറയാം.

മേനോൻകരി അച്ചന്റെ അജപാലന ശുശ്രുഷകളുടെ 40 ഉം 50 ഉം ജൂബിലികൾ ഏറെ വിപുലമായി ആഘോഷിച്ച അതെ സമൂഹം വമ്പിച്ച ആഘോഷമായാണ് തന്‍റെ റിട്ടയർമെന്‍റും യാത്രയയപ്പും ഒരുക്കിയത്. ബിഷപ്പുമാർ, മേയർ, വൈദികർ, സന്യസ്തർ അടക്കം നിരവധി ആളുകൾ യാത്രയപ്പ് ചടങ്ങിലും ശുശ്രുഷകളിളും പങ്കു ചേർന്നിരുന്നു.

ജോൺ അച്ചനോടൊപ്പം 9 വർഷത്തോളമായി സഹ വികാരിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാ. ജോസഫ് കടുത്താനം സിഎംഐ പുതിയ വികാരിയായി സ്ഥാനമേറ്റു. ഫാ. ജോസഫ് ഒഴുകയിൽ സിഎംഐ ( മുൻ കെഇ കോളജ് മാന്നാനം പ്രിൻസിപ്പൽ) സഹ പാരീഷ് പ്രീസ്റ്റായും, ഫാ. ടെബിൻ ഫ്രാൻസീസ് സീറോ മലബാർ മാസ് സെന്‍ററിന്‍റെ സ്പിരിച്വൽ ഡയറക്ടറായും തുടരും.

കുമരകത്തിനടുത്തു ചീപ്പുങ്കൽ സിഎംഐ കേന്ദ്രത്തിൽ തന്‍റെ ശിഷ്‌ഠ ജീവിതം പ്രാർഥനയിലും ധ്യാനത്തിലും വിശ്വാസ പ്രവർത്തനങ്ങളിലുമായി ചെലവഴിക്കുവാനാണ് ജോൺ അച്ചൻ ആഗ്രഹിക്കുന്നത്.

വെംബ്ലിയുടെ അജപാലകനും സീറോ മലബാർ സഭയുടെ അഭിമാനവുമായ ജോൺ മേനോൻകരി അച്ചൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ദൈവം അദ്ദേഹത്തിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ